31/12/2021

സ്ത്രിധനമില്ല, മകൾക്കൊപ്പം അഞ്ച് യുവതികൾക്കും വിവാഹ സൗഭാഗ്യമൊരുക്കി പ്രവാസി സാലിം
(VISION NEWS 31/12/2021)
കോഴിക്കോട്: സ്ത്രീധനം നൽകാതെ ആ തുക കൊണ്ട് തൻ്റെ മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മാംഗല്യമൊരുക്കിയപ്പോൾ ജാതിയും മതവും എല്ലാം സൗഹാർദ്ദത്തിന് മുൻപിൽ അലിഞ്ഞില്ലാതായി. വടകര എടച്ചേരിയിലാണ് മകളുടെ വിവാഹ നാളിൽ അഞ്ച് യുവതികൾ കൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം ശ്രദ്ധേയനാകുന്നത്. 

എടച്ചേരി കാട്ടിൽ സാലിമിന്റെ റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിനും വേദിയായത്. എടച്ചേരി, മേപ്പയ്യൂർ, വയനാട്, ഗൂഡല്ലൂർ, മലപ്പുറം, എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യ ഭാഗ്യമുണ്ടായത്.

രണ്ട് യുവതികളുടേത് ഹൈന്ദവ ആചാരപ്രകാരം താലികെട്ടും മൂന്ന് യുവതികളുടേത് ഇസ്ലാമിക വിധിപ്രകാരം നിക്കാഹുമായാണ് വിവാഹം നടന്നത്. ചടങ്ങിന് മാറ്റ് കൂട്ടാൻ നാദസ്വരവും ഒപ്പനയും അരങ്ങേറി. മുനവ്വറലി ശിഹാബ് തങ്ങൾ വിവാഹങ്ങൾക്ക് നേതൃത്വം നൽകി. മകൾ ഉൾപ്പെടെ ആറു യുവതികൾക്കും സാലിം 10 പവൻ വീതം സ്വർണാഭരണം നൽകി. എല്ലാവർക്കും ഒരേതരം വസ്ത്രങ്ങളാണ് നൽകിയത്.

സ്ത്രീധനം ചോദിക്കുന്നവർക്ക് മകളെ വിവാഹം ചെയ്ത് നൽകില്ല എന്നത് സാലിമിന്റെ തീരുമാനമായിരുന്നു. ആ സ്ത്രീധനത്തുക കൂടി ചേർത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കുകയായിരുന്നു അദ്ദേഹം. യുവതികളെ കണ്ടെത്താനായി നേരിട്ട് ഓരോ സ്ഥലവും സഞ്ചരിച്ച സാലിമിന് വ്യത്യസ്ത അനുഭവമായിരുന്നു ലഭിച്ചത്. ഇത്തരത്തിൽ വിവാഹം നടത്താനായതിൽ സന്തോഷിക്കുകയാണ് സാലിം.

കെ.കെ. രമ എം.എൽ.എ., പാറക്കൽ അബ്ദുള്ള, ഡോ. പിയൂഷ് നമ്പൂതിരി, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി, പുറമേരി പഞ്ചായത്ത് പ്രസിഡൻറ് ജ്യോതി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വനജ, മഹല്ല് ഖാദി പി.ടി. അബ്ദുൾ റഹിമാൻ മൗലവി, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only