29/12/2021

ജൂവലറി ഉടമ മരിച്ചനിലയിൽ; പിന്നാലെ ഭാര്യ ജീവനൊടുക്കി
(VISION NEWS 29/12/2021)
നെയ്യാറ്റിൻകര: നഗരത്തിലെ ജൂവലറി ഉടമയെ വീട്ടിലെ കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തി. പിന്നാലെ ഭാര്യ ജീവനൊടുക്കി. നെയ്യാറ്റിൻകര കോൺവെന്റ് റോഡ്, ഹരിപ്രിയസദനത്തിൽ നെയ്യാറ്റിൻകര കൃഷ്ണൻ കോവിലിനു സമീപം വിഷ്ണു ജൂവലറി ഉടമ കെ.കേശവൻ(53), ഭാര്യ കെ.സെൽവം(48) എന്നിവരാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.ചൊവ്വാഴ്ച രാവിലെ ഏകമകൾ ഹരിപ്രിയ, അച്ഛൻ കിടക്കയിൽ കിടന്ന് കാലുകളിട്ടടിക്കുന്നതു കണ്ട് അമ്മയെ വിളിച്ചറിയിച്ചു. 

തുടർന്ന് ഹരിപ്രിയ ആംബുലൻസുകാരെയും ബന്ധുക്കളെയും വിവരമറിയിക്കാനായി ഫോൺ ചെയ്യുന്നതിനിടെ സെൽവം വിഷം കഴിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.നാട്ടുകാരും ബന്ധുക്കളും പോലീസും എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 

തുടർന്ന് മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. 25 വർഷം മുൻപ് കാലുകൾക്കു ചലനശേഷി നഷ്ടപ്പെട്ട കേശവൻ, സ്വയം നിയന്ത്രിക്കാവുന്ന വീൽച്ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചിരുന്നത്. 

നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ശ്രീകാന്ത്, സി.ഐ. സാഗർ, എസ്.ഐ. സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച മൃതദേഹപരിശോധന നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് സി.ഐ. സാഗർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only