19/12/2021

ഇരട്ടക്കൊലപാതകം: ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ, ജാഗ്രതയോടെ പോലീസ്
(VISION NEWS 19/12/2021)ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്നും നാളെയും (ഞായർ, തിങ്കൾ)നിരോധനാജ്ഞ പ്രഖ്യാപിച്ചു. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപിഐയുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു ആദ്യ കൊലപാതകം. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തിൽ നാൽപ്പതോളം വെട്ടേറ്റിരുന്നു. മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലർച്ചെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാനെ ഒരുസംഘം ആളുകൾ വെട്ടിക്കൊന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്. തുടർസംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കർശനമാക്കാനുമാണ് നിർദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only