12/12/2021

തീയേറ്റർ റിലീസിന് പിന്നാലെ മരക്കാറും കുറുപ്പും കാവലും ഒടിടിയിൽ: റിലീസ് തീയതി പ്രഖ്യാപിച്ചു
(VISION NEWS 12/12/2021)
തീയേറ്റർ റിലീസിന് പിന്നാലെ ചിത്രങ്ങളെല്ലാം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കൊറോണ രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ പുറത്തിറങ്ങിയ കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ദുൽഖർ സൽമാൻ ചിത്രം കുറുപ്പും ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുരേഷ് ഗോപി ചിത്രം കാവൽ ഡിസംബർ 23ന് നെറ്റ്ഫ്‌ലിക്‌സിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് നവംബർ 12നാണ് റിലീസ് ചെയ്തത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എൻറർടൈൻമെൻറ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാനും സണ്ണി വെയ്‌നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തീയേറ്ററുകളിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ ലഭിച്ചിരുന്നു.

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ നവംബർ 25നാണ് റിലീസ് ചെയ്തത്. വലിയ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷൻ ക്രൈം ത്രില്ലറായിരുന്നു കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ചത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസിംബർ രണ്ടിനാണ് തീയേറ്ററുകളിലെത്തിയത്. റിലീസിന് മുന്നേ തന്നെ രണ്ട് ദിവസത്തേക്കുള്ള റിസർവേഷനിലൂടെ സിനിമ 100 കോടി ക്ലബ്ബിൽ എത്തിയിരുന്നു. കേരളത്തിൽ മാത്രം 626 സ്‌ക്രീൻ എന്ന റെക്കോർഡോടെ റിലീസ് ചെയ്യുന്ന സിനിമകൂടിയായിരുന്നു ഇത്. കാവലിനും കുറുപ്പിനും മരക്കാറിനും പിന്നാലെ ജോജു ജോർജ് നായകനായ മധുരം, ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്നീ ചിത്രങ്ങൾ ഒ.ടി.ടിയിൽ ആദ്യ റിലീസായും പുറത്തുവരാനുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only