14/12/2021

ഓമശ്ശേരിയിൽ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾ സമാപിച്ചു.
(VISION NEWS 14/12/2021)


ഓമശ്ശേരി:രാജ്യത്ത്‌ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി ഓമശ്ശേരിയിലെ അക്ഷയ കേന്ദ്രവുമായി സഹകരിച്ച്‌ നടത്തിയ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പുകൾ സമാപിച്ചു.പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി നടന്ന എട്ട്‌ ദിന ക്യാമ്പ്‌ മങ്ങാട്‌ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചാണ്‌ അവസാനിച്ചത്‌.16,17,19 വാർഡുകളിലുള്ളവർക്കാണ്‌ സമാപന ദിവസം രജിസ്ട്രേഷൻ നടത്തിയത്‌.

സമാപന ചടങ്ങ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്‌ എന്നിവർ സംസാരിച്ചു.അക്ഷയ കോ-ഓർഡിനേറ്റർ യു.പി.ഷറഫുദ്ദീൻ പദ്ധതി വിശദീകരിച്ചു.വാർഡ്‌ മെമ്പർ കെ.ആനന്ദ കൃഷ്ണൻ സ്വാഗതവും പഞ്ചായത്തംഗം സീനത്ത്‌ തട്ടാഞ്ചേരി നന്ദിയും പറഞ്ഞു.

അമ്പലക്കണ്ടി,കൂടത്തായി,പെരി വില്ലി,ഓമശ്ശേരി,മാതോലത്ത്‌ കടവ്‌,പുത്തൂർ,വെളിമണ്ണ,മങ്ങാട്‌ എന്നിവിടങ്ങളിൽ നടന്ന ക്യാമ്പുകളിൽ വെച്ച്‌ രണ്ടായിരത്തോളം അസംഘടിത തൊഴിലാളികൾ ഇതിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.വിവിധ വാർഡുകളിൽ രണ്ടാം ഘട്ടത്തിൽ വീണ്ടും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഡിസംബർ 31 നകം പൂർത്തീകരിക്കുമെന്നും പഞ്ചായത്ത്‌ ഭരണ സമിതി അറിയിച്ചു.അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള ഡേറ്റാ ബേസ് തയ്യാറാക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലില്‍ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്‌ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്‌.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും.

16 വയസു മുതല്‍ 59 വയസു വരെയുള്ള ഇന്‍കം ടാക്സ് അടക്കാന്‍ ബാധ്യതയില്ലാത്തവരും  പി.എഫ്,ഇ.എസ്.ഐ.ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്തവരുമായ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.വീട്ടു ജോലിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ആശാരിമാര്‍, ബാര്‍ബര്‍ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, കന്നുകാലി പരിപാലന ജോലി ചെയ്യുന്നവര്‍, ആശാ വര്‍ക്കര്‍മാര്‍, കര്‍ഷക തൊഴിലാളികള്‍, ആയമാര്‍, അങ്കണവാടി അധ്യാപകര്‍, പത്ര ഏജന്റുമാര്‍, പത്രം വിതരണം ചെയ്യുന്ന തൊഴിലാളികള്‍, സ്വകാര്യ ട്യൂഷന്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവര്‍, ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് അംഗത്വത്തിന് അര്‍ഹതയുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only