12/12/2021

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ തൈരിനാകുമോ? പുതിയ പഠനം ഇങ്ങനെ
(VISION NEWS 12/12/2021)
സൗന്ദര്യസംരക്ഷണത്തിനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൈര് കഴിക്കുന്നത് ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ തൈരിന്റെ മറ്റൊരു ഗുണം കൂടി വിശദീകരിക്കുന്ന പുതിയൊരു പഠന റിപ്പോര്‍ട്ടുകൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ദിവസവും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

ലോകത്തില്‍ നൂറ് കോടിയിലധികം പേര്‍ രക്തസമ്മര്‍ദത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ. നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹാര്‍ട്ട് അറ്റാക്കിനുവരെ കാരണമാകുകയും ചെയ്യും.

പാലുകൊണ്ടുള്ള ഉത്പന്നങ്ങളെല്ലാം, പ്രത്യേകിച്ച് തൈര് രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലുത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് ഇതിനുകാരണം. അമിത രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് ഇതെല്ലാം സഹായിക്കുന്നുണ്ട്-പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സാന്‍ഡ്ര വേഡ് പറഞ്ഞു. 

ഇത് കൂടാതെ രക്തസമ്മര്‍ദം കുറയ്ക്കുന്ന പ്രോട്ടീന്‍ പുറത്ത് വിടുന്ന ബാക്ടീരിയ തൈരില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ ചെറിയ അളവില്‍ തൈര് കഴിക്കുന്നത് പോലും മാറ്റമുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു-അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only