10/12/2021

ഹെലികോപ്റ്റർ മഞ്ഞിനുള്ളില്‍ മറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറി: ദൃക്സാക്ഷി
(VISION NEWS 10/12/2021)
സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പകർത്തിയ ആളെ തിരിച്ചറിഞ്ഞു. കോയമ്പത്തൂർ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജോയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഹെലികോപ്റ്റർ താഴ്ന്നുവരുന്ന ശബ്ദം കേട്ടപ്പോഴാണ് വീഡിയോ പകർത്തിയതെന്ന് ജോ പറഞ്ഞു. ഹെലികോപ്റ്റർ പോയി അഞ്ചു സെക്കൻഡിനുള്ളിൽ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. അതിനു ശേഷം ശബ്ദം ഒന്നും കേട്ടില്ല എന്നും ജോ വ്യക്തമാക്കി. 19 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

'ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ ഹെലികോപ്ടർ വരുന്ന ശബ്ദം കേട്ടു. ഈ സമയത്ത് എന്താ ഹെലികോപ്റ്റർ വരുന്നതെന്ന് ആലോചിച്ചു. ശബ്ദത്തിൽ കുറച്ച് വ്യത്യാസമുണ്ടായിരുന്നതിനാൽ വീഡിയോ എടുത്തു. മേഘങ്ങൾക്കുള്ളിലേക്ക് ഹെലികോപ്റ്റർ പോയി അഞ്ചു സെക്കൻഡിനുള്ളിൽ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. അതിനു ശേഷം ശബ്ദം ഒന്നും കേട്ടില്ല. അപ്പോഴേക്കും എന്റെ സുഹൃത്ത് ഓടിവന്ന് തകർന്നോ എന്ന് ചോദിച്ചു. തകർന്നെന്ന് ഞാനും മറുപടി നൽകി. പിന്നീട് ഞങ്ങൾ തിരിച്ചുപോയി. വൈകുന്നേരം സുഹൃത്തിന്റെ വീട്ടിൽ ടി.വി. കാണുമ്പോഴാണ് സംഭവം അറിയുന്നത്. ഓരോരുത്തരും ഓരോതരത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. ഒരു തെളിവുപോലും ഇല്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. തുടർന്നാണ് തിരികെ വന്ന് ദൃശ്യങ്ങൾ കൊടുത്തിട്ടു പോകാമെന്ന് തീരുമാനിക്കുന്നത്. ദൃശ്യങ്ങൾ കൈമാറാൻ നീലഗിരി കളക്ടറുടെ ഓഫീസിലെത്തി. പക്ഷെ അപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന രണ്ട് കോൺസ്റ്റബിൾമാർ അപകടസ്ഥലത്തേക്ക് പോയിരുന്നു. ശേഷം അപകടസ്ഥലത്തേക്ക് പോകുമ്പോൾ ധാരാളം വി.ഐ.പി. വാഹനങ്ങൾ എതിരേ വരുന്നുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു സാറിനെ ദൃശ്യങ്ങൾ ഏൽപിച്ചു മടങ്ങുകയായിരുന്നു', ജോ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only