11/12/2021

ധീരസൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം വൈകീട്ട്
(VISION NEWS 11/12/2021)
കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. രാവിലെ ഏഴിന് ഡൽഹിയിൽ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. രാവിലെ 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിക്കും. ഉച്ചയോടെ ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് പുറപ്പെടും.

പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ പൊതുദർശനം നടക്കും. വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ നടക്കും. കേന്ദ്ര സഹമന്ത്രി മുരളീധരൻ, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടിൽ എത്തിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only