30/12/2021

ഉപരാഷ്ട്രപതി നാളെ കേരളത്തിൽ എത്തും; ലക്ഷദ്വീപും സന്ദർശിക്കും
(VISION NEWS 30/12/2021)
കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും. ശനിയാഴ്ച (ജനുവരി 01, 2022) ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും.

ഞായറാഴ്ച (ജനുവരി 02, 2022) കൊച്ചിയിൽ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കും. തുടർന്ന് കൊച്ചി കാക്കനാടുള്ള ഡിആർഡിഒയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ), സന്ദർശിക്കുകയും ടോഡ് എറെയ് ഇന്റഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്യും.

തിങ്കളാഴ്ച (ജനുവരി 03, 2022) കൊച്ചിയിൽ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only