13/12/2021

തലവേദന മാറാൻ ആൾദൈവം നൽകിയത് തലക്കടിച്ച് ചികിത്സ; മുപ്പത്തിയേഴുകാരിക്ക് ദാരുണാന്ത്യം
(VISION NEWS 13/12/2021)
ബംഗളൂരു: തലവേദന മാറുന്നതിനായി ആൾദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. കർണാടക ഹാസൻ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാർവതിയാണ് (37) മരിച്ചത്. തലവേദന മാറ്റാൻ ബെക്ക ഗ്രാമത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ മനു (42) തലയിലും ശരീരത്തിലും അടിച്ചതിനെ തുടർന്ന് യുവതി മരിക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

സംഭവത്തെ തുടർന്ന് പാർവതിയുടെ മകളായ ചൈത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. ചന്നരായപട്ടണ സർക്കാർ ആശുപത്രിയിലെ ഡോക്ടറും സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

രണ്ട് മാസമായി കടുത്ത തലവേദനമൂലം ബുദ്ധിമുട്ടുന്ന പാർവതി നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് ആൾദൈവത്തെ സമീപിച്ചത്. ബന്ധുവായ മഞ്ജുളയാണ് ആൾദൈവമായ മനുവിനെക്കുറിച്ച് പാർവതിയോട് പറഞ്ഞത്. 

തുടർന്ന് ഇയാളെ കാണാൻ ഡിസംബർ രണ്ടിന് പാർവതി ക്ഷേത്രത്തിലെത്തി. ഇതേ തുടർന്ന് ഇയാൾ പാർവതിയ്ക്ക് ഒരു നാരങ്ങ കൊടുത്ത ശേഷം അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസമെത്തിയ പാർവതിയോട് ഡിസംബർ ഏഴിന് വീണ്ടും തന്നെ വന്നു കാണാൻ മനു ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചേർന്ന് ചികിത്സക്കെത്തിയതായിരുന്നു.

തലവേദന മാറ്റാനാണെന്ന പേരിൽ മനു പാർവതിയുടെ തലയിലും ശരീരത്തിലും വടികാണ്ട് അടിക്കാൻ ആരംഭിച്ചു. തുടർന്ന് കുഴഞ്ഞുവീണ പാർവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൾ ചൈത്രയ്ക്കും ഭർത്താവ് ജയന്തിനുമൊപ്പം ബംഗളൂരുവിലാണ് പാർവതി താമസിച്ചിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only