12/12/2021

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു
(VISION NEWS 12/12/2021)
ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടത്തിൽ നെയ്യഭിഷേകത്തിന് അവസരം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ഇന്നലെ മുതല്‍ സന്നിധാനത്ത് തങ്ങുന്നതിന് മുറികള്‍ അനുവദിച്ച് തുടങ്ങി. എന്നാൽ, രാത്രിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ വിരിവക്കാന്‍ അനുമതി ഇല്ല. നീലിമല പാത വഴി തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിതുടങ്ങി. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം, ചികിത്സ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഹൃദ് രോഗവിദഗ്ധരെ നിയമിച്ചു. ഓക്സിജന്‍ പാർലറുകളും പ്രവര്‍ത്തിച്ച് തുടങ്ങി. അതേസമയം, സന്നിധാനത്ത എത്തുന്ന ഭക്തര്‍ക്ക് അപ്പം, അരവണ പ്രസാദങ്ങള്‍ മുടക്കം കൂടാതെ നല്‍കാന്‍ നടപടി സ്വീകരിച്ചതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്ന് മുതല്‍ സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി മുപ്പതിനായിരത്തിന് മുകളിലാണ്. മണ്ഡലകാലത്തിനായി നട തുറന്നതിന് ശേഷം ഇതുവരെ ആറ് ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തി എന്നാണ് കണക്ക് വരുമാനം മുപ്പത് കോടി രൂപ കഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only