13/12/2021

മുങ്ങിത്താഴുന്ന കാറിൽ അമ്മയും മകനും; വഴിയെ പോയ രണ്ട് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ രക്ഷകരായി
(VISION NEWS 13/12/2021)
കൊല്ലം; വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ അപകടം. ചവറ ടൈറ്റാനിയം–ശാസ്താംകോട്ട റോഡിൽ തേവലക്കര കൂഴംകുളം ജംക്‌ഷനു സമീപം വാഹനങ്ങൾ കൂട്ടയിടിച്ച് ആഴമുള്ള കുളത്തിലേക്ക് കാർ തലകീഴായി വീഴുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വണ്ടിയിലുണ്ടായിരുന്നത്. അതുവഴി വന്ന രണ്ട് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരുടെ സാഹസികവും സമയോചിതവുമായ ഇടപെടലിൽ അമ്മയും മകനും രക്ഷയായി. 

വെള്ളിമൺ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരി തേവലക്കര പാലയ്ക്കൽ ബീനാ ഭവനിൽ എസ്.അനുവും (39) 8 വയസ്സുകാരനായ മകൻ സനൽ കൃഷ്ണനുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ചവറ അഗ്നിരക്ഷാനിലയത്തിലെ ഫയർമാനായ മൈനാഗപ്പള്ളി പച്ചം കുളത്ത് നൗഫർ പി.നാസറും കരുനാഗപ്പള്ളി നിലയത്തിലെ ഫയർമാൻ ചവറ കോട്ടയ്ക്കകം സാരംഗയിൽ മിഥുനുമാണ് ചരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി രണ്ടുവഴിക്ക് പോവുകയായിരുന്ന ഇവർ അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. 
മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച അപകടം കണ്ടുകൊണ്ടാണ് നൗഫർ അവിടെ ഇറങ്ങിയത്. ഇദ്ദേഹം സഞ്ചരിച്ച കാറിൽ ഓട്ടോ തട്ടിയിരുന്നു. അപ്പോഴാണ് കുളത്തിൽ പതിച്ച കാർ കണ്ടത്.  ഉടൻ തന്നെ നൗഫർ കുളത്തിലേക്ക് ചാടി. നീന്തി അടുത്ത് എത്തിയപ്പോൾ കാർ ഒഴുകി നടക്കുകയായിരുന്നു.മുൻ സീറ്റിൽ യുവതിയെയും മകനെയും കണ്ടു. കാറിൽ വെള്ളം കയറിത്തുടങ്ങിയിട്ടില്ലായിരുന്നു. ചില്ലു പൊട്ടിച്ച് ആളെ പുറ‍ത്തെടുക്കാൻ കയ്യിൽ കല്ല് കരുതിയെങ്കിലും വെള്ളം കയറാനുള്ള സാധ്യത മനസ്സിലാക്കിയതോടെ വേണ്ടെന്നു വച്ചു. 

നാട്ടുകാരോടു കയർ കൊണ്ട് വരാൻ ആവശ്യപ്പെട്ടു. ആ സമയത്താണ് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മിഥുൻ കൂട്ടുകാരോടൊത്ത് അതു വഴി വന്നത്. അപകടം കണ്ട് മിഥുനും കുളത്തിലേക്ക് ചാടി. കയർ ഉപയോ​ഗിച്ച് കാർ കെട്ടിവലിച്ച് കരക്കെത്തിച്ച ശേഷമാണ് ഡോർ തുറന്ന് അമ്മയേയും മകനേയും രക്ഷിച്ചത്.  അമ്മയെയും കുഞ്ഞിനെയും ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.  തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഴപ്പമില്ലെന്ന് കണ്ട് ഉടൻ വിട്ടയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only