12/12/2021

പ്രഭാത വാർത്തകൾ
(VISION NEWS 12/12/2021)
🔳കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് ജന്മനാട് കണ്ണീരോടെ വിടനല്‍കി. സൈനിക ബഹുമതികളോടെ സംസ്‌ക്കാരം തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ നടന്നു. പ്രദീപിന്റെ മകന്‍ ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്‌ക്കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം വ്യോമസേന കുടുംബത്തിന് കൈമാറി. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിലും വീട്ടിലും ആയിരങ്ങളാണ് അന്തിമോപചരാം അര്‍പ്പിക്കാനായി എത്തിയത്.

🔳രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം. സര്‍ക്കാര്‍ കണക്ക് പ്രകാരം 42,824 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്നോ മരിച്ചത്. കോവിഡ് കണക്കുകളില്‍ ഉള്‍പ്പടാതിരുന്ന മരണങ്ങള്‍ അപ്പീല്‍ വഴി സ്ഥിരീകരിച്ചതോടെയാണ് മരണനിരക്ക് ഉയര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം ആരോഗ്യവകുപ്പ് പൂഴ്ത്തിവെക്കുകയോ മരണം കോവിഡ് കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ ഒഴിവാക്കിയെന്നുമുള്ള പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍.

🔳ചര്‍ച്ചയോ അനുനയ നീക്കങ്ങളോ ഇല്ലാതെ രണ്ടാംദിവസവും ശക്തമായി തുടര്‍ന്ന് സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം. ചെയ്യാനുള്ളതെല്ലാം ചെയ്തെന്നു സര്‍ക്കാരും, സര്‍ക്കാരിന് ഭീഷണിയുടെ സ്വരമെന്ന നിലപാടില്‍ സമരക്കാരും എത്തി നില്‍ക്കുകയാണ്. സമരം തുടര്‍ന്നാല്‍ മിക്ക മെഡിക്കല്‍ കോളേജുകളിലും വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലാവുമെന്നതാണ് സ്ഥിതി.

🔳ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി. ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ബിജെപിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇനിയുള്ള വികസനം അവര്‍തന്നെ ചെയ്യട്ടെയെന്നും അദ്ദേഹം മൂന്നാറില്‍ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

🔳കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ കേസെടുത്തു. സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗം മുജീബ് റഹ്‌മാന്‍ എപി നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

🔳വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാക്കള്‍ക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. 'ഇവര്‍ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല. ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വെല്ലുവിളിച്ചിരുന്നു. അതിനു മറുപടിയായാണ് ഫിറോസിന്റെ ഫേസ് ബുക്ക് കുറിപ്പ്.

🔳കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിലെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്തതിനെതിരെ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പൊലീസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മജീദ് പറഞ്ഞു. ഭാഷാ സമര പോരാട്ടത്തില്‍ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ് മുസ്ലീം ലീഗുകാരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

🔳വഖഫ് നിയമന കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് തീരുമാനമെടുത്തതിന്റെ പേരില്‍ തന്നെ ചിലര്‍ യൂദാസെന്ന് വിളിക്കുന്നുണ്ടന്നും അത് കാര്യമാക്കുന്നില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. യുഎഇയില്‍ ഒരു പൊതു പരിപാടിയിലാണ് ലീഗിന്റെ പേരെടുത്ത് പറയാതെയുള്ള പ്രതികരണം. തീരുമാനം തനിച്ച് എടുത്തതാണെന്ന് പ്രചരിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതായും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നുള്ള തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

🔳സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയെല്ലാം പാപികളായി കാണുന്ന നേതാക്കളാണ് മുസ്ലീം ലീഗിലുള്ളതെന്ന് വയനാട്ടിലെ മുന്‍ യൂത്ത് ലീഗ് നേതാവ് പി.പി. ഷൈജല്‍. ഇക്കാലത്തും സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാനിക്കാത്തതിന് ഉത്തമ ഉദാഹരണമാണ് ഹരിതയിലെ മുന്‍നേതാക്കളെ അപമാനിച്ചയാള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നതെന്നും ഷൈജല്‍ പറഞ്ഞു. 'ജെന്‍ഡര്‍ ഇക്വാലിറ്റി'യെ കുറിച്ചൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അവരെയൊക്കെ പാപികളായി മുദ്ര കുത്തുകയാണ് ചെയ്യുക. തനിക്കെതിരെ നടന്നതും അത്തരം രീതികളായിരുന്നു. ഈ മന്ത്രിസഭയില്‍ ടൂറിസം-പൊതുമരാമത്ത് മന്ത്രി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് റിയാസെന്നും ഷൈജല്‍ പറഞ്ഞു.

🔳മൊഫിയ പര്‍വീണ്‍ കേസില്‍ സമരം ചെയ്തവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന പൊലീസ് പരാമര്‍ശത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ . മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മത വെറി കോണ്‍ഗ്രസുകാരോട് വേണ്ടെന്ന് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തില്‍ നിന്നല്ലെന്നും നിങ്ങള്‍ തിരുത്തുമെന്നും ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡന്റ് കുറിപ്പിലൂടെ പറഞ്ഞു.

🔳കര്‍ഷക സമരം വിജയിച്ചതിനെ തുടര്‍ന്ന് സമരകേന്ദ്രമായ ദില്ലിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കു പുഷ്പവൃഷ്ടി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ വെച്ചാണ് വിമാനത്തില്‍ നിന്ന് പുഷ്പ വൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്. ഒരു വര്‍ഷം നീണ്ട സമരത്തിനൊടുവിലാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്.

🔳കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സിഎസ്ആര്‍ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുന്നിടത്ത് സമവായം ഉണ്ടാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന മേഖലകളിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍ ആരംഭിക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

🔳നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറയണമെന്നും അഫ്‌സ്പ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. വിഷയത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോണ്യാക് യൂണിയനാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച തെറ്റിദ്ധാരണമൂലം സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ ജില്ലയിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വേഗം കൂട്ടിയതുകൊണ്ടാണ് ഗ്രാമവാസികളുമായി പോയ ട്രക്കിനു നേരെ സൈനികര്‍ വെടിയുതിര്‍ത്തത് എന്നായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും അമിത് ഷാ പറഞ്ഞിരുന്നത്.

🔳ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി തൃണമൂല്‍ കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കി സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കും. 1500 മുതല്‍ 2000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റിന്റെ ആറ് ശതമാനം മാത്രമേ ഈ തുക വരുകയുള്ളൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലും സമാനമായ പദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നു.

🔳അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്നുള്ള ബി.എസ്.എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീം കോടതിയെ സമീപിച്ചു. 15 കിലോമീറ്ററായിരുന്ന ബി.എസ്.എഫിന്റെ അധികാര പരിധി, കേന്ദ്രസര്‍ക്കാര്‍ ഈയടുത്ത് 50 കിലോമീറ്ററായി വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ 11-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ പഞ്ചാബ്, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് മാറ്റം കൊണ്ടുവന്നത്.

🔳ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ ഉയിഗൂര്‍ മുസ്ലിം വിഭാഗക്കാര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന ക്രൂരതകളെക്കുറിച്ച് യു എന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നു. കഴിഞ്ഞ ദിവസം, ബ്രിട്ടനിലെ ഉയിഗൂര്‍ ട്രിബ്യൂണല്‍ ഈ വിഷയത്തില്‍ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിനെ നിശിതമായി വിമര്‍ശിച്ച് ചൈനയുടെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി തങ്ങളുടെ റിപ്പോര്‍ട്ടും ഉടന്‍ പുറത്തുവരുമെന്ന് അറിയിച്ചത്. ചൈനയ്ക്ക് തലവേദന ഉണ്ടാക്കുന്നതാണ് യു എന്‍ റിപ്പോര്‍ട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

🔳സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച ദാരിദ്ര്യവും വരള്‍ച്ചമൂലമുള്ള പട്ടിണിയും വ്യാപകമാവുന്നതിനിടെ അഫ്ഗാനിസ്താനുള്ള സാമ്പത്തിക സഹായം തുടരാന്‍ ആഗോള ഫണ്ടിംഗ് ഏജന്‍സികളുടെ തീരുമാനം. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ധനസഹായ വിതരണം തുടരാനാണ് ലോകബാങ്ക് അടക്കമുള്ള ഏജന്‍സികളുടെ തീരുമാനം. താലിബാന്റെ വരവിനെ തുടര്‍ന്ന് മരവിപ്പിച്ച 280 മില്യന്‍ ഡോളറിന്റെ ധനസഹായം യു എന്‍ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് ലോകബാങ്ക് അറിയിച്ചു. 

🔳അമേരിക്കയിലെ കെന്റക്കിയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 50 പേരെങ്കിലും മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡി ബെഷ്യറെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെന്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. മെയ്ഫീല്‍ഡിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചെന്നും ഇതിന് മുമ്പെങ്ങും ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് പോരാട്ടം ഏറ്റെടുത്ത വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണെന്റില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് സമ്മാനിച്ചത് അവിശ്വസനീയ ജയം. 292 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ കേരളം 26ാം ഓവറില്‍ 120-6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ചുറിയുടെയും സിജോമോന്‍ ജോസഫിന്റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.

🔳ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ പൂട്ടി ചെന്നൈയിന്‍ എഫ്‌സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ലിസ്റ്റണ്‍ കൊളോക്കോയിലൂടെ ആദ്യം മുന്നിലെത്തിയ എടികെയെ ആദ്യ പകുതി തീരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് വ്ലാദിമര്‍ കോമാന്റെ ഗോളില്‍ ചെന്നൈയിന്‍ സമനിലയില്‍ പൂട്ടുകയായിരുന്നു.

🔳കളിയുടെ പകുതി സമയവും പത്തുപേരായി ചുരുങ്ങിയിട്ടും ഐഎസ്എല്ലിലെ മറ്റൊരു കളിയില്‍ ബെംഗലൂരു എഫ് സിയെ വീഴ്ത്തി എഫ് സി ഗോവ. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പോയന്റ് പട്ടികയില്‍ പത്താം സ്ഥാനക്കാരായ ഗോവയുടെ ജയം. 56-ാം മിനിറ്റില്‍ സുരേഷ് വാങ്ജാമിന്റെ ഫൗളിനെത്തുടര്‍ന്ന് കൈയാങ്കളിക്ക് മുതിര്‍ന്ന ജോര്‍ജെ ഓര്‍ട്ടിസ് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് തിരിച്ചു പിടിച്ചാണ് ഗോവ ജയിച്ചു കയറിയത്.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വിജയം. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡ് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബ്രെന്റ്‌ഫോര്‍ഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തിയത്.

🔳കേരളത്തില്‍ ഇന്നലെ 58,344 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,824 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടി. ഇതോടെ 38,583 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസര്‍ഗോഡ് 79.

🔳ആഗോളതലത്തില്‍ ഇന്നലെ 4,80,993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 46,505 പേര്‍ക്കും ഇംഗ്ലണ്ടില്‍ 54,073 പേര്‍ക്കും റഷ്യയില്‍ 30,288 പേര്‍ക്കും ഫ്രാന്‍സില്‍ 53,720 പേര്‍ക്കും ജര്‍മനിയില്‍ 37,542 പേര്‍ക്കും ഇറ്റലിയില്‍ 21,042 പേര്‍ക്കും പോളണ്ടില്‍ 23,764 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 17,153 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.99 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,254 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 422 പേരും റഷ്യയില്‍ 1,171 പേരും പോളണ്ടില്‍ 486 പേരും ഉക്രെയിനില്‍ 446 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.17 ലക്ഷമായി.

🔳യുഎസില്‍ ചില ഉപയോക്താക്കള്‍ക്ക് ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്താനുള്ള ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ പാരന്റ് കമ്പനിയായ മെറ്റയുടെ ക്രിപ്‌റ്റോകറന്‍സി വാലറ്റായ നോവിയുമായി ബന്ധിപ്പിച്ചാണ് ഇടപാട്. പൈലറ്റ് പ്രോഗ്രാമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നതിനാല്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. വാട്‌സാപ്പ് പേയ്ക്ക് സമാനമായി ഇടപാടുകള്‍ ചാറ്റില്‍ പ്രത്യക്ഷപ്പെടും.

🔳ഗുജറാത്തിലെ അഹമ്മദാബാദില്‍ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനം. 2,000 കോടി രൂപ മുടക്കില്‍ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്താണ് ലുലു മാള്‍ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം നിര്‍മ്മാണം തുടങ്ങും. 30 ഏക്കര്‍ സ്ഥലം ഗുജറാത്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 5,000 ആളുകള്‍ക്ക് നേരിട്ടും 10,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

🔳തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ ഒരുക്കുന്ന 'കോളാമ്പി' ഡിസംബര്‍ 24ന് എം ടാക്കീ ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുന്നു. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുന്‍പേ ചിത്രത്തിന് ഒരു ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്‌ക്കാരവും നേടിയിരുന്നു. സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതം. ദിലീഷ് പോത്തന്‍, രോഹിണി, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോന്‍, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്,സിജോയി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

🔳പതിനൊന്ന് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ട് വീണ്ടും. ഒരിടവേളക്ക് ശേഷം മീര ജാസ്മിന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ എന്താണെന്ന് അറിയിച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. 'മകള്‍' എന്നാണ് ചിത്രത്തിന്റെ പേര്. പൊതുവെ വൈകി പേരിടുന്നതാണ് പതിവ്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായെന്നും അദ്ദേഹം അറിയിച്ചു.

🔳ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ഔഡി ഇന്ത്യ പുതിയ ക്യു7 ഫേസ്ലിഫ്റ്റിന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഔറംഗബാദിലെ കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റില്‍ ആണ് വാഹനത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങളുടെ വരവോടെ 2020 ഏപ്രിലില്‍ നിര്‍ത്തലാക്കിയ മോഡലാണ് ഇത്. പുതിയ 2022 ഔഡി ക്യു7 ഫെയ്സ്ലിഫ്റ്റ് 2022 ജനുവരിയില്‍ അവതരിപ്പിക്കും.  

🔳ഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള്‍ ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത്യകളും അന്വേഷിക്കുന്ന അക്ബറിന്റെ യാത്രകള്‍. ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍. 'പാതിരാകുര്‍ബാന'. അനുരാഗ് ഗോപിനാഥ്. ഗ്രീന്‍ ബുക്സ്. വില 165 രൂപ.

🔳രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കാം. അതിനാല്‍ തന്നെ ബിപി നിയന്ത്രണത്തിലാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണ രീതിയിലൂടെ രക്തസമ്മര്‍ദ്ദത്തെ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താനാകും. ഇപ്പോഴിതാ ദിവസവും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയ പോഷകങ്ങളാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇത് കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പ്രോട്ടീന്‍ പുറത്ത് വിടുന്ന ബാക്ടീരിയ തൈരില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ ചെറിയ അളവില്‍ തൈര് കഴിക്കുന്നത് പോലും മാറ്റമുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ഡയറി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

*ശുഭദിനം*

ആ കര്‍ഷകനെതേടി ഒരു ഉദ്യോഗസ്ഥന്‍ വന്നു. അയാള്‍ വലിയ ദേഷ്യത്തിലായിരുന്നു. അയാള്‍ പറഞ്ഞു: ഇവിടെ ഈ കൃഷിത്തോട്ടത്തിന്റെ മറവില്‍ നിങ്ങള്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നതായി എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. എനിക്ക് ഈ തോട്ടം പരിശോധിക്കണം. അപ്പോള്‍ കൃഷിക്കാരന്‍ പറഞ്ഞു: നിങ്ങള്‍ പരിശോധിച്ചുകൊള്ളൂ സര്‍, പക്ഷേ, തോട്ടത്തിന്റെ അങ്ങേ അറ്റത്തുമാത്രം താങ്കള്‍ പോകരുത്. കൃഷിക്കാരന്റെ ഈ നിര്‍ദ്ദേശം ഉദ്യോഗസ്ഥന് ഇഷ്ടപ്പെട്ടില്ല. അയാള്‍ തന്റെ ഐഡന്റിറ്റികാര്‍ഡ് ഉയര്‍ത്തിക്കാണിച്ചിട്ടു പറഞ്ഞു: ഇത് ഗവണ്‍മെന്റിന്റെ ബാഡ്ജ് ആണ്. ഇതുണ്ടെങ്കില്‍ എനിക്ക് എവിടെയും പോകാം. കര്‍ഷകന്‍ പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു നിലവിളിയോടെ ഉദ്യോഗസ്ഥന്‍ പുറത്തേക്ക് ഓടുന്നത് കര്‍ഷകന്‍ കണ്ടു. ഓടുമ്പോള്‍ അയാള്‍ കര്‍ഷകനോട് വിളിച്ചുപറഞ്ഞു: എടോ തന്റെ കാളയെ പിടിച്ചുകെട്ടൂ. കൃഷിക്കാരന്‍ പറഞ്ഞു: അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാളയെ നിങ്ങളുടെ ബാഡ്ജ് കാണിച്ചാല്‍ മതി അധികാരമുളളവരുടെ അഹങ്കാരത്തേക്കാള്‍ അപകടകരമായ മറ്റൊരു മനോഭാവമില്ല. സ്ഥാനവും സ്വാധീനവും അപ്രസക്തമാകുന്ന ഒട്ടേറെ ഇടങ്ങളും അവസ്ഥകളുമുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ രാജാവിനും പ്രജയ്ക്കും ഒരുപോലെയാണ്. ജനനവും മരണവും ആരോടും വേര്‍തിരിവ് കാണിക്കാറില്ല. താക്കോല്‍ സ്ഥാനങ്ങളെല്ലാം താല്‍ക്കാലികമാണെന്നും അവിടെ ഇരിക്കുമ്പോള്‍ പ്രകടിപ്പിക്കേണ്ടത് യാഥാര്‍ത്ഥ്യബോധമാണെന്നുമുള്ള തിരിച്ചറിവ് നേതാക്കള്‍ക്ക് ആവശ്യമാണ്. പദവിയേക്കള്‍ പ്രധാനമാണ് പാടവം എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ - *ശുഭദിനം.* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only