08/12/2021

എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന നിലയില്‍ യുവാവ്; രക്ഷകരായി പോലീസ്
(VISION NEWS 08/12/2021)മലപ്പുറം: എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് ചോരവാര്‍ന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. എറണാകുളം സ്വദേശിയായ യുവാവിനെയാണ് മലപ്പുറം കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിനുള്ളില്‍ ചോര വാര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം വിനോദും സിവില്‍ പോലീസ് ഓഫീസര്‍ റിയാസുമെത്തിയത്. വാതില്‍ത്തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്. രക്തം വാര്‍ന്നൊഴുതി തളം കെട്ടിയ നിലയിലായിരുന്നു.

പോലീസിനെ കണ്ട യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറില്‍നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only