24/12/2021

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവും സമൂലവുമായ മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി ഡോ. ആര്‍ ബിന്ദു
(VISION NEWS 24/12/2021)
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി സര്‍ക്കാര്‍ നിയമിച്ച മൂന്ന് കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ സമഗ്രവും സമൂലവുമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച തൃത്താല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കാര കമ്മിറ്റി, പരീക്ഷാ പരിഷ്‌ക്കരണം, നിയമ പരിഷ്‌ക്കരണം എന്നിങ്ങനെ മൂന്ന് കമ്മിറ്റികളാണ് ഉള്ളത്. വിവര, വിജ്ഞാന, വിസ്‌ഫോടന കാലത്തെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ കോഴ്‌സുകള്‍ കേരളത്തില്‍ നടപ്പാക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ശാസ്ത്രബോധം, യുക്തിചിന്ത എന്നിവ ഉള്‍പ്പെടുത്തി വിദ്യാഭ്യാസം മികച്ചതാക്കും. കൃഷി, വ്യവസായം, മനുഷ്യ ജീവിതം എന്നിവയുടെ ഉയര്‍ച്ച ലക്ഷ്യമിട്ട് സമൂഹത്തെ മുന്നോട്ട് കൊണ്ടുവരാന്‍ ഉന്നത വിദ്യാഭ്യാസം കൊണ്ട് കഴിയണം. സര്‍വ്വകലാശാലകള്‍ ഇതിന് നേതൃത്വം നല്‍കണം. വിപണി താത്പര്യമല്ല, മറിച്ച് കേരളത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തിയാവണം പ്രവര്‍ത്തനം. തൃത്താല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് എം.കോം, ഇംഗ്ലീഷ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only