05/12/2021

അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമി ദശവാർഷികാഘോഷത്തിന്‌ ഉജ്ജ്വല തുടക്കം.
(VISION NEWS 05/12/2021)


ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ വിദ്യാഭ്യാസ-സാംസ്കാരിക വിഭാഗമായ വിൻ പോയിന്റ്‌ അക്കാദമിയുടെ ദശ വാർഷികാഘോഷങ്ങൾക്ക്‌ ഉജ്ജ്വല തുടക്കം.അഞ്ചിന പദ്ധതികളോടെയുള്ള പത്താം വാർഷികാഘോഷങ്ങളും പ്രതിഭാ സംഗമവും (മെറിറ്റ്‌ ഫിയസ്റ്റ-2021)അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസയിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.

വിദ്യാഭ്യാസ-സാംസ്കരിക മേഖലയിൽ വിൻ പോയിന്റ്‌ അക്കാദമിയുടെ സേവനം മഹത്തരവും മാതൃകാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കൊടുവള്ളി മണ്ഡലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമിയെ പങ്കാളിയാക്കുമെന്ന് ഡോ:എം.കെ.മുനീർ പറഞ്ഞു.മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വിദ്യാഭ്യാസം. വായു,ജലം,പാര്‍പിടം,വസ്ത്രം,ഭക്ഷണം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നായി വിദ്യാഭ്യാസം മാറിയിരിക്കുന്നു.

ഇപ്പോൾ അത്യാധുനിക സംവിധാനങ്ങളോടെ വിദ്യാഭ്യാസ രംഗം വളര്‍ന്നു പന്തലിച്ചിട്ടുണ്ട്‌.വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ചും അറിവു നേടുക എന്നത് പരമപ്രധാനമായ കാര്യമാണ്.വിദ്യാഭ്യാസം എന്നത് അറിവും,മൂല്യങ്ങളും,വിശ്വാസങ്ങളും,ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു പ്രക്രിയയാണ്.വെറും പാഠ ഭാഗങ്ങള്‍ പഠിച്ചെടുക്കുക,പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.നമ്മുടെ ചുറ്റുപാടിനെക്കുറിച്ച് അറിവുനേടുകയും സഹജീവി സ്‌നേഹം വളര്‍ത്തിയെടുക്കുകയും ചെയ്യണം.എന്നാല്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ ലക്ഷ്യം പൂര്‍ത്തിയാകുകയുള്ളൂ-അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ വിൻ പോയിന്റ്‌ അക്കാദമി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.'സമസ്ത'തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്‌ കെ.ഹുസൈൻ ബാഖവി പ്രാർത്ഥന നടത്തി.ഹാഫിള്‌ ജസീൽ റോഷൻ പൂക്കാട്‌ ഖിറാഅത്ത്‌ അവതരിപ്പിച്ചു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ വിദ്യാർത്ഥി പ്രതിഭകൾക്ക്‌ ഉപഹാരങ്ങൾ കൈമാറി.വിൻ പോയിന്റ്‌ മുഖ്യ രക്ഷാധികാരി അബു മൗലവി അമ്പലക്കണ്ടി,പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ജന:സെക്രട്ടറി റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,പഞ്ചായത്ത്‌ മെമ്പർ അശോകൻ പുനത്തിൽ,വിൻ പോയിന്റ്‌ രക്ഷാധികാരി കെ.ടി.മുഹമ്മദ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,എ.കെ.അബൂബക്കർ ഹാജി,നെരോത്ത്‌ മുഹമ്മദ്‌ ഹാജി,വി.സി.അബൂബക്കർ,കെ.ടി.ഇബ്രാഹീം ഹാജി,എം.എം.ഇബ്രാഹീം മുസ്‌ലിയാർ,പി.പി.നൗഫൽ,നജീൽ നെരോത്ത്‌,യു.കെ.ഷാഹിദ്‌ എന്നിവർ സംസാരിച്ചു.കാസർ ഗോഡ്‌ കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ജെ.ആർ.എഫോടെ ഡോക്ടറേറ്റ്‌ നേടിയ വിൻ പോയിന്റ്‌ ഡയറക്ടർ ഡോ: ടി.അലി ഹുസൈൻ വാഫി,സർക്കാർ സർവ്വീസിൽ ജോലി ലഭിച്ച വിൻ പോയിന്റ്‌ വൈ:ചെയർമാൻ പി.സുൽഫീക്കർ മാസ്റ്റർ,മെഡിക്കൽ നീറ്റ്‌ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 1783 റാങ്ക്‌ നേടിയ ഉണിക്കോരു പറമ്പിൽ ജം ഷീന,2445 റാങ്ക്‌ നേടിയ മുഹമ്മദ്‌ നൗഷാദ്‌ എന്നിവർക്ക്‌ പ്രത്യേകം ഉപഹാരം നൽകി.ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി,പ്ലസ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ.പ്ലസ്‌ നേടിയ എൻപതോളം വിദ്യാർത്ഥികളേയും ഉപഹാരം നൽകി ആദരിച്ചു.വിൻ പോയിന്റ്‌ കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ്‌ സ്വാഗതവും ടൗൺ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.ജന:സെക്രട്ടറി ഇ.കെ.ജിയാദ്‌ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only