09/12/2021

ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി; വ്യോമസേനാ മേധാവി അപകട സ്ഥലത്തെത്തി
(VISION NEWS 09/12/2021)
കൂനൂർ (തമിഴ്നാട്): സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിൽ അന്വേഷണം തുടരുന്നു. വ്യോമസേനാ മേധാവി വിആർ ചൗധരി അപകടം നടന്ന സ്ഥലത്തെത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു. വ്യാഴാഴ്ച കാലത്ത് തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവിനൊപ്പമാണ് കരസേനാ മേധാവി നീലഗിരിയിലെ കൂനൂരിന് സമീപമുള്ള അപകടസ്ഥലം സന്ദർശിച്ചത്.

അപകടകാരണം കണ്ടെത്താനായി വിംഗ് കമാൻഡൻ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയും തുടരുകയാണ്. 25 അംഗ പ്രത്യേക വ്യോമസേനാ സംഘം ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ഉൾപ്പടെ വിശദമായി പരിശോധിച്ചുവരികയാണ്. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ ബുധനാഴ്ച ഉച്ചയ്ക്കാണ് കൂനൂർ കാട്ടേരിയിലെ നഞ്ചപ്പഛത്രത്ത് തകർന്നുവീണത്. അപകടത്തിൽ 13 പേരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തും. വിവരമറിഞ്ഞ ഉടൻ പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധമന്ത്രാലയത്തിൽ ഉന്നതതല യോഗം ചേർന്ന് അപകട വിവരങ്ങൾ വിലയിരുത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ അപകട കാരണങ്ങൾ സംബന്ധിച്ച കാര്യങ്ങളിലേക്ക് പ്രതിരോധമന്ത്രി കടക്കാനിടിയില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only