13/12/2021

പ്രഭാത വാർത്തകൾ
(VISION NEWS 13/12/2021)
🔳വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനു തുറന്നുകൊടുക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും.

🔳കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനില്‍ സംഘടിപ്പിച്ച മെഗാറാലിയില്‍ രാജ്യത്ത് ഹിന്ദുവും ഹിന്ദുത്വവാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നായിരുന്നു രാഹുല്‍ പ്രധാനമായും പറഞ്ഞുവച്ചത്. ബിജെപിയെ റാലിയില്‍ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി ഹിന്ദുക്കളുടെ പ്രതിനിധികളെന്ന് അവര്‍ അവകാശപ്പെടേണ്ടെന്ന് പറഞ്ഞു. ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വ വാദിയല്ല, ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വവാദിയുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദുത്വ വാദികള്‍ അധികാര കൊതിയുള്ളവരാണ്. അധികാരത്തിനായി ആളുകളെ കൊല്ലാന്‍ അവര്‍ക്കേ കഴിയൂ. അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ സ്വത്ത് മുഴുവന്‍ ചില വ്യവസായികളുടെ കൈയിലേക്ക് എത്തുകയാണെന്ന ആരോപണം രാഹുല്‍ ആവര്‍ത്തിച്ചു.

🔳അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കവേ ജയ്പൂരില്‍ നടത്തിയ കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ പ്രിയങ്കയും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചു. കേന്ദ്രനയം കര്‍ഷകവിരുദ്ധമാണ്. എഴുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയതെല്ലാം ബിജെപി വില്‍ക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

🔳കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംഘടനാ നേതാക്കളെ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ന് ആദരിക്കും. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം. ഭാവിയിലും കര്‍ഷക സംഘടനകള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് സമിതി അറിയിച്ചു. അതേസമയം കര്‍ഷക കൂട്ടായ്മ അവസാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെടുന്നിടത്തെല്ലാം കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 17ന് തമിഴ്നാട്ടിലും 19ന് മഹാരാഷ്ട്രയിലെ വാര്‍ധയിലും യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.

🔳രണ്ടുഡോസ് കോവിഡ് വാക്സിനുമെടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടുകൂടിയ ഒമിക്രോണ്‍ ബാധയില്‍നിന്ന് രക്ഷയേകുമെന്നും വിദഗ്ധര്‍. പ്രത്യേകിച്ച്, രോഗപ്രതിരോധവ്യവസ്ഥ ദുര്‍ബലമായവര്‍ക്ക് അധികഡോസ് വാക്സിന്‍ നല്‍കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു.

🔳രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ടായി ഉയര്‍ന്നു. ചണ്ഡിഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ ഇന്നലെ പുതിയ ഓരോ കേസ് വീതം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നത്. കേരളത്തിലും, ചണ്ഡീഗഡിലും, ആന്ധ്രപ്രദേശിലും കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയ സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി.

🔳കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് യു.കെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്ക്. തിരുവനന്തുപരം രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിള്‍ പരിശോധന നടത്തിയ ശേഷമാണ് കേരളത്തില്‍ ഒമിക്രോണ്‍ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്നും അബുദാബിയില്‍ എത്തിയ യാത്രക്കാരന്‍ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്. ഇദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിള്‍ പരിശോധന ഫലം കാത്തിരിക്കുകകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ മാതാവ് നിലവില്‍ നിരീക്ഷണത്തിലാണ്.  

🔳സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സ്ഥാനത്തിരുന്ന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു.

🔳കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒറ്റപേര് മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി നിയമനത്തില്‍ എജിയോട് നിയോമദേശം തേടിയത് താനല്ലെന്നും, ഇത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ദില്ലിയില്‍ പറഞ്ഞു. ബാഹ്യ ഇടപെടല്‍ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

🔳ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നും കാലടി വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണെന്നും ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.

🔳പി.ജി. ഡോക്ടര്‍മാര്‍ക്കു പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ സ്തംഭനത്തിലേക്ക്. പി.ജി. ഡോക്ടര്‍മാര്‍ നാലാംദിവസവും
അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കും. ഹൗസ് സര്‍ജന്മാര്‍ ഇന്ന് രാവിലെ എട്ടുമുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പി.ജി. ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തും.

🔳ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുമ്പോഴും സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒന്നാം വര്‍ഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനാവില്ല. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. എന്നിട്ടും സമരം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

🔳പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന പരിപാടികളില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളിമയില്‍ അഭിരമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിലവര്‍ധനവിന് പ്രധാനകാരണമായ ഇടനിലക്കാരുടെ അനാവശ്യ ഇടപെടല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

🔳കോഴിക്കോട് നടത്തിയത് വഖഫ് സമര പ്രഖ്യാപനമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാകും. തുടര്‍ നടപടികള്‍ ഉടന്‍ തീരുമാനിക്കും. വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സലാം പറഞ്ഞു.  

🔳വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ചെത്തുകാരന്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം' എന്ന ലീഗ് അണികളുടെ മുദ്രവാക്യം വിളി പരാമര്‍ശിച്ച പിണറായി തന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ചു. ചെത്തുകാരന്റെ മകന്‍ എന്നതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും കോഴിക്കോട് മറ്റ് പലതും പറഞ്ഞുവെന്നും അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ലെന്നും പിണറായി പറഞ്ഞു. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആള്‍ക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവര്‍ത്തകരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳മൊഫിയ കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ തീവ്രവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആര്‍.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തില്‍ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

🔳സപ്ലൈകോ കഴിഞ്ഞ ദിവസം കൂട്ടിയ ഉത്പന്നങ്ങളുടെ വില സര്‍ക്കാര്‍ ഇടപെട്ട് കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. 13 ഉത്പന്നങ്ങള്‍ക്ക് 6 വര്‍ഷമായിട്ടും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. 35 ഇനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ വിലക്കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്‍പയറും, മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങള്‍ക്ക് വില കുറച്ചുവെന്നാണ് സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ വിശദീകരണം.

🔳സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരണത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നു. ജനാഭിമുഖ കുര്‍ബ്ബാന അംഗീകരിക്കാത്ത കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിപാടികളില്‍ ബഹിഷ്‌കരിക്കുമെന്ന് വിമതവിഭാഗം അറിയിച്ചു. ജനാഭിമുഖ കുര്‍ബ്ബാനയ്ക്ക് തടസം നില്‍ക്കുന്ന കര്‍ദ്ദിനാള്‍ വിഭാഗത്തിനെതിരെയുള്ള തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന വിമത വിഭാഗമായ അല്‍മായ മുന്നേറ്റത്തിന്റെ കൊച്ചി കലൂരിലെ യോഗത്തിലാണ് തീരുമാനം. വൈദികരും വിശ്വാസികളും പങ്കെടുത്ത യോഗത്തിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മാര്‍പ്പാപ്പയുടെ നിലപാടിനെ അംഗീകരിക്കുമെന്നും അവര്‍ അറിയിച്ചു.

🔳എംസി റോഡില്‍ കാലടി ശ്രീശങ്കര പാലം ഇന്ന് അര്‍ധ രാത്രി മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികള്‍ക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിന്റെ ഭാഗമായി എംസി റോഡില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തും. ശനിയാഴ്ച വരെയാണ് പാലം പൂര്‍ണമായും അടച്ചിടുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് കാല്‍നട യാത്ര പോലും അനുവദിക്കില്ല. പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാകും നിയന്ത്രണങ്ങള്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

🔳സര്‍ക്കാര്‍ ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഇന്നും നമ്മള്‍ കുറെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് നടന്‍ ജയസൂര്യ. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍. സംസ്ഥാന കലോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് നടന്റെ പരാമര്‍ശം. 'സര്‍ക്കാര്‍ കാര്യം മുറപോലെ' എന്നാണ് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നത്. ഒരു അപേക്ഷ ചലിപ്പിക്കാന്‍ മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ നമ്മള്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇന്നും അങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഇതൊരുമാതിരി തോന്ന്യവാസമാണെന്ന് പറയേണ്ടിവരുമെന്നും ജയസൂര്യ പറഞ്ഞു.

🔳ഒരാള്‍ക്ക് ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍, എല്ലാ നമ്പറുകളുടെയും അവകാശം പുനഃപരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഒരേസമയം ഒരാള്‍ക്ക് ഒമ്പത് സിം കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കൂ, ബാക്കിയുള്ളവ നിര്‍ത്തലാക്കും.  

🔳ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരെന്ന ലക്ഷ്യം കൈവരിച്ച് ദുബൈ. 2018ല്‍ സ്വീകരിച്ച പേപ്പര്‍രഹിത നയത്തിന്റെ പൂര്‍ത്തീകരണമാണിത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേപ്പര്‍ രഹിത സര്‍ക്കാരെന്ന പ്രഖ്യാപനം നടത്തിയത്.

🔳വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം. രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഛത്തീസ്ഗഢ് 46.2 ഓവറില്‍ 190 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫിന്റെ പ്രകടനമാണ് ഛത്തീസ്ഗഢിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന്റ മധ്യനിര തകര്‍ന്നെങ്കിലും 34.3 ഓവറില്‍ കേരളം ലക്ഷ്യം മറികടന്നു. 54 റണ്‍സ് നേടിയ വീനൂപ് ഷീല മനോഹരനാണ് ടോപ് സ്‌കോറര്‍. ജയത്തോടെ കേരളത്തിന് 12 പോയിന്റായി.  

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഈസ്റ്റ് ബംഗാളാണ് മഞ്ഞപ്പടയെ നിലയില്‍ തളച്ചത്. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 37- ാം മിനിറ്റല്‍ തോമിസ്ലാവ് മാഴ്‌സെലയുടെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. എന്നാല്‍ 44-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വെസിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തി.

🔳ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട 21 ഗ്രാന്‍പ്രീകള്‍ക്കു ശേഷം നടന്ന 22-ാമത്തെ അബുദാബി ഗ്രാന്‍പ്രിയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനെ മറികടന്ന് റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പന് കന്നി ഫോര്‍മുല വണ്‍ കിരീടം. അബുദാബിയില്‍ യാസ് മറീന സര്‍ക്യൂട്ടില്‍ അവസാന ലാപ്പില്‍ ഹാമില്‍ട്ടനെ മറികടന്നാണ് വെസ്തപ്പന്‍ തന്റെ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.

🔳കേരളത്തില്‍ ഇന്നലെ 57,121 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 34 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,967 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3856 പേര്‍ രോഗമുക്തി നേടി. ഇതോടെ 38,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80.

🔳ആഗോളതലത്തില്‍ ഇന്നലെ 4,17,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 37,830 പേര്‍ക്കും ഇംഗ്ലണ്ടില്‍ 48,854 പേര്‍ക്കും റഷ്യയില്‍ 29,929 പേര്‍ക്കും ഫ്രാന്‍സില്‍ 43,848 പേര്‍ക്കും ജര്‍മനിയില്‍ 29,633 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 37,875 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.03 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.20 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,807 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 166 പേരും റഷ്യയില്‍ 1,132 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.21 ലക്ഷമായി.

🔳ഗൂഗിള്‍ ഇന്ത്യ 2021 ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്ന 'ഇയര്‍ ഇന്‍ സെര്‍ച്ച് 2021' പുറത്തുവിട്ടു. ഇന്ത്യയിലെ ഈ വര്‍ഷത്തെ സെര്‍ച്ചിംഗ് ട്രെന്റുകള്‍ വ്യക്തമാക്കുന്നു ഈ പട്ടികയില്‍. ക്രിക്കറ്റാണ് ഈ വര്‍ഷവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞത്. ഐപിഎല്‍ ആണ് ഒന്നാം സ്ഥാനത്ത്, കോവിന്‍, ഐസിസി ടി20 ലോകകപ്പ് എന്നിവയാണ് ആകെ സെര്‍ച്ചില്‍ ആദ്യ മൂന്ന് സ്ഥാനത്ത് ഗൂഗിള്‍ കണക്ക് പ്രകാരം വന്നിരിക്കുന്നത്. യൂറോകപ്പ്, ടോക്കിയോ ഒളിംപിക്സ് എന്നിവ തുടര്‍ന്നുള്ള നാലും അഞ്ചും സ്ഥാനത്ത് എത്തുന്നു. കൊവിഡ് വാക്സിന്‍, ഫ്രീഫയര്‍ റഡിം, നീരജ് ചോപ്ര, ആര്യന്‍ ഖാന്‍, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്ന സെര്‍ച്ച്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ തമിഴ് ചിത്രമായ 'ജയ് ഭീം' ആണ്.

🔳തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് 'പുഷ്പ'. ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രം റിലീസിന് മുന്‍പ് തന്നെ 250 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒ.ടി.ടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയത്. 70 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് അല്ലു അര്‍ജുന് പ്രതിഫലമായി നല്‍കിയതെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

🔳ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ആരോമല്‍ താരമായ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍. നിത്യ മാമ്മനും സൂരജ് സന്തോഷും ചേര്‍ന്നാണ് ആലാപനം. ഡിസംബര്‍ 16നാണ് ജിയോ മാമിയിലെ പ്രീമിയര്‍ പ്രദര്‍ശനം. 24ന് നെറ്റ്ഫ്ളിക്സ് റിലീസ്.

🔳ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് വാഹനങ്ങളില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 2025 മുതല്‍ പ്രൊഡക്ഷന്‍ കാറുകളില്‍ വിപ്ലവകരമായ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ലിഥിയം-അയണ്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിക്വിഡ് ഇലക്ട്രോലൈറ്റ് ലായനിക്ക് പകരം സോളിഡ്-സ്റ്റേറ്റ് ബാറ്ററികളില്‍ സോളിഡ് ഇലക്ട്രോലൈറ്റാണ് ഉപയോഗിക്കുന്നത്. വേഗത്തിലുള്ള ചാര്‍ജിംഗ്, വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യല്‍, കുറഞ്ഞ ചൂട് ഉല്‍പാദനം എന്നിവ ഈ സാങ്കേതികവിദ്യയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

🔳ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കെ പദ്മശാലിയുടെ 'നെടുമ്പാതയിലെ ചെറുചുവട്' എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗല്‍ഭ ആക്ടിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളില്‍ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പര്‍വം അതിജീവിച്ചതിനു ശേഷമാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കെ എത്തിയത്. വിസി ബുക്സ്. വില 309 രൂപ.

🔳പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. വൃക്കരോഗത്തിന്റെ പ്രാരംഭത്തില്‍ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിലപ്പോള്‍ കാലില്‍ നീര്, അല്ലെങ്കില്‍ കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാന്‍ സാധ്യത ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണ്ട പരിശോധനകള്‍ എടുക്കാവുന്നതാണ്. മൂത്രം പതച്ചുപൊങ്ങല്‍, ഇരുണ്ട നിറത്തിലെ മൂത്രം, മൂത്രക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും ചിലപ്പോള്‍ വൃക്ക തകരാറിലായതിന്റെ ലക്ഷണങ്ങളാകാം. ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. വിശപ്പില്ലായ്മ, ഛര്‍ദി തുടങ്ങിയവയും ചിലപ്പോള്‍ വൃക്കയുമായി ബന്ധപ്പെട്ട് ഉണ്ടാകാം. പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം.

*ശുഭദിനം*

ഒരു തുണിക്കടയില്‍ സെയില്‍സ് അസിസ്റ്റന്റായാണ് പ്രകാശ് അഗര്‍വാള്‍ തന്റെ ജോലി ആരംഭിച്ചത്. പക്ഷേ മനസ്സില്‍ അപ്പോഴും സ്വന്തമായി ഒരു ബിസിനസ്സ് എന്ന സ്വപ്നം ആയിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞ് ആ ജോലി ഉപേക്ഷിച്ച് തനിക്കിഷ്ടപ്പെട്ട സ്വപ്നത്തിലേക്ക്, സ്വന്തമായി ഒരു ബിസിനസ്സിലേക്ക് ചുവട് വെച്ചു. നീണ്ട ഏഴ് വര്‍ഷം. പല പല ബിസിനസ്സുകള്‍ . സോപ്പ്, ഡിറ്റര്‍ജന്റ് നിര്‍മ്മാണം, ഹെയര്‍ ഓയില്‍ ബിസിനസ്സ് ... പക്ഷേ, എല്ലാം എട്ടുനിലയില്‍ പൊട്ടി. വീട്ടിലെ സാമ്പത്തിക സ്ഥിതി പിന്നെയും മോശമായി. ചെയ്തിരുന്ന സെയില്‍സ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. എന്നാല്‍ ഇനി ജോലി ചെയ്യില്ല ബിസിനസ്സ് മാത്രമേ ചെയ്യൂ എന്ന നിലപാടില്‍ പ്രകാശ് ഉറച്ച് നിന്നു. കാര്യമായ ലാഭമൊന്നുമില്ലാതെ പ്രകാശിന്റെ ബിസിനസ്സ് മുന്നോട്ട് പോകുമ്പോഴാണ് ഏതെങ്കിലും പ്രമുഖ ബ്രാന്റുകളുടെ ഫ്രാഞ്ചെസി എടുത്ത് നടത്താന്‍ അമ്മ മകനോട് നിര്‍ദ്ദേശിച്ചത്. ഉദാഹരണമായി അമ്മ നിര്‍ദ്ദേശിച്ചത് ഒരു സാമ്പ്രാണിത്തിരി ബ്രാന്റ് ആയിരുന്നു. ഏതെങ്കിലും ബ്രാന്റിനുവേണ്ടി വിതരണമല്ല, സ്വന്തം അഗര്‍ബത്തി ബ്രാന്റ് തന്നെ പുറത്തിറക്കണമെന്നതായി പ്രകാശിന്റെ പിന്നത്തെ സ്വപ്നം. അഗര്‍ബത്തിയുടെ വിപണി സാധ്യത മനസ്സിലാക്കി ഇന്‍ഡോറിലെ വീട്ടിലെ സ്വന്തം മുറിയില്‍ നിന്ന് സഹോദരങ്ങളെ കൂട്ട് പിടിച്ച് സാമ്പ്രാണിത്തിരി നിര്‍മ്മാണം തുടങ്ങി. വീട്ടില്‍ തുടങ്ങിയ ആ ബിസിനസ്സ് പതിയെ പച്ചപിടിക്കാന്‍ തുടങ്ങി. നല്ലൊരു ഇംഗ്ലീഷ് പേര് തന്നെ തന്റെ ഉത്പന്നത്തിന് വേണമെന്ന ആഗ്രഹത്തില്‍ സെഡ്ബ്ലാക്ക് എന്ന പേരും നല്‍കി. എംഡിപിഎച്ച് എന്ന് തന്റെ കമ്പനിക്കും പേരുമിട്ടു. അങ്ങനെ ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന അഗര്‍ബത്തി ബ്രാന്റുകളിലൊന്നായി കമ്പനി മാറി. ഇന്ന് മൂന്ന് കോടിയിലധികം തിരികളാണ് സ്വന്തം പ്ലാന്റി്ല്‍ പ്രകാശ് നിര്‍മ്മിക്കുന്നത്. ബ്ലാക്ക് സെഡ് എന്ന ബ്രാന്റില്‍ 250 ാളം ഉത്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്. വിദേശത്തേക്കും കയറ്റുമതി നടത്തുന്ന ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് 650 കോടി രൂപയിലേറെയാണ്. ചിലര്‍ക്ക് ബിസിനസിനോട് ഭ്രാന്തമായ ഒരു അഭിനിവേശമുണ്ട്. ചെയ്ത ബിസിനസ്സുകള്‍ എല്ലാം പരാജയമാണെങ്കിലും വീണ്ടും വീണ്ടും അവര്‍ ബിസിനസ്സ് പരീക്ഷണങ്ങള്‍ തുടരും. എന്നാല്‍ ചിലര്‍, തന്റെ ഒരു ബിസിനസ്സ് പരാജയപ്പെട്ടാലും ഈ അനുഭവങ്ങളില്‍ ഗൃഹപാഠം ചെയ്ത് പുതിയ ബിസിനസ്സ് വിജയിപ്പിക്കാറുമുണ്ട്. ലോകം മുഴുവന്‍ പഴിച്ചാലും ശക്തമായി തിരിച്ചുവരവ് നടത്താന്‍ ആവശ്യമായ അനുഭവങ്ങള്‍ എല്ലാ പാളിച്ചകളിലും ഉണ്ടാകും. അത് തിരിച്ചറിയുകയാണ് വിജയത്തിലേക്കുള്ള ആദ്യപടി. - *ശുഭദിനം.* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only