15/01/2022

ഹാക്കർമാർ ആവശ്യപ്പെട്ട പണം കൊടുത്തില്ല; ആദിത്യ ബിർള ഫാഷനിൽനിന്ന് 54 ലക്ഷം പേരുടെ ഡാറ്റ ചോർന്നു
(VISION NEWS 15/01/2022)
ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ റീട്ടെയിൽ കമ്പനികളിലൊന്നായ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് (ABFRL) ഡാറ്റ ചോർച്ചക്ക് ഇരയായതായി റിപ്പോർട്ടുകൾ. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിൽനിന്ന് ഏകദേശം 54 ലക്ഷത്തിലധികം ഇ മെയിൽ വിലാസങ്ങൾ ഉൾപ്പെടുന്ന വിവരങ്ങളാണ് ചോർന്നതിന് പിന്നാലെ ഓൺലൈനിൽ പോസ്റ്റ് ചെയ്തതായി കാണപ്പെട്ടിരിക്കുന്നത്.

മെസേജ്-ഡൈജസ്റ്റ് 5 അൽഗോരിതം 5 (MD5) ഹാഷുകളായി ഡാറ്റബേസിൽ സൂക്ഷിച്ചിരുന്ന പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ജനനത്തീയതികൾ, സാധനങ്ങൾ ഓർഡർ ചെയ്തതിന്റെ വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, പാസ്വേഡുകൾ എന്നിവ പോലുള്ള സുപ്രധാന വ്യക്തിഗത ഉപഭോക്തൃ വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു. കൂടാതെ, കമ്പനിയിലെ ജീവനക്കാരുടെ ശമ്പളം, മതം, അവരുടെ വൈവാഹിക നില എന്നിവയും ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിന്റെ ഡാറ്റാബേസ് ഷൈനി ഹണ്ടേഴ്സ് എന്നറിയപ്പെടുന്ന ഒരു ഹാക്കർ ഗ്രൂപ്പാണ് ചോർന്നതായി പരസ്യമാക്കിയത്. അതോടൊപ്പം തന്നെ ഡാറ്റാ ബ്രീച്ച് ട്രാക്കിംഗ് വെബ്സൈറ്റായ "Have I Been Pwned' (HIBP)", വ്യക്തിഗത വിവരങ്ങൾ ചോർന്ന ഉപയോക്താക്കൾക്ക് വിവരം നൽകുകയും ചെയ്തു. ഏകദേശം 5,470,063 അക്കൗണ്ട് വിവരങ്ങളാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിൽനിന്ന് ചോർന്നിരിക്കുന്നത്. ചോർത്തിയ ഡാറ്റകൾ തിരിച്ചു നൽകാൻ ഹാക്കർമാർ പണം ആവശ്യപ്പെട്ടത് കമ്പനി നിരസിച്ചതോടെയാണ് ഇത്രയും അക്കൗണ്ട് വിവരങ്ങൾ ഒരു ഹാക്കിംഗ് ഫോറത്തിൽ പരസ്യമായി പോസ്റ്റ് ചെയ്തത്. എന്നാൽ ഹാക്കർമാർ ആവശ്യപ്പെട്ട തുക എത്ര എന്നത് വെളിപ്പെടുത്തിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only