01/01/2022

പുത്തൻ പ്രതീക്ഷികളുമായി ഒരു പുതുവത്സരം കൂടി; നിയന്ത്രണങ്ങളോടെ പുതുവർഷത്തെ വരവേറ്റ് ലോകം
(VISION NEWS 01/01/2022)

പ്രതീക്ഷകളോടെ രാജ്യം പുതുവര്‍ഷത്തെ വരവേറ്റു. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ആഘോഷത്തോടെയാണ് പുതുവത്സരത്തെ എതിരേറ്റത്.

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വലിയ രീതിയില്‍ ആഘോഷം നടന്നു. സിഡ്‌നിയിലും ഓക്ലാന്‍ഡിലും കരിമരുന്ന് പ്രകടനത്തോടെയാണ് പുതുവര്‍ഷത്തെ ഏതിരേറ്റത്. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി വലിയ ആഘോഷങ്ങളില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനില്‍ ഒഴിവാക്കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം.

ജപ്പാന്‍ നഗരമായ ടോക്യോ, ദക്ഷിണകൊറിയന്‍ നഗരമായ സോള്‍, യുഎഇയുടെ തലസ്ഥാനമായ ദുബൈ എന്നിവിടങ്ങളിലും ഗംഭീരമായ ആഘോഷങ്ങളോടെയാണ് പുതുവത്സാരത്തെ വരവേറ്റത്. 2020, 2021 വര്‍ഷങ്ങള്‍ കൊവിഡ് ഭീതിയില്‍ കടന്നുപോയെങ്കില്‍ 2022ന്റെ തുടക്കവും സമാനമാണ്. ഒമിക്രോണ്‍ ഭീതിയില്‍ ലോകമാകെ ആശങ്കപ്പെട്ട് നില്‍ക്കുമ്പോഴാണ് പ്രതീക്ഷയോടെ 2022 കടന്നുവരുന്നത്. 

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. സംസ്ഥാനത്താകെ രാത്രി കര്‍ഫ്യു ആരംഭിച്ചതോടെ ഏറക്കുറെ പുതുവര്‍ഷാഘോഷം നേരത്തെ അവസാനിച്ചു. രാത്രി 10ന് ശേഷം കേരളം കടുത്ത നിയന്ത്രണത്തിലായിരുന്നു. വീടുകളിലായിരുന്നു ആഘോഷമേറെയും. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only