02/01/2022

വീഡിയോയും ഫോട്ടോകളും ഉപയോഗിച്ച്‌ വീട്ടമ്മയുടെ പണം തട്ടാന്‍ ശ്രമിച്ച യു.പി. സ്വദേശിയെ പിടികൂടി
(VISION NEWS 02/01/2022)
പാലാ: ചാറ്റിങ്ങിലൂടെ നേടിയ നഗ്‌നവീഡിയോയും ഫോട്ടോകളും ഉപയോഗിച്ചു പാലാ സ്വദേശിയായ വീട്ടമ്മയുടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യു.പി. സ്വദേശിയായ യുവാവിനെ പിടികൂടി. ഉത്തര്‍പ്രദേശ്‌ ഗൊരഖ്‌പൂര്‍ രപ്‌തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്താണ്‌(25) പിടിയിലായത്‌. 

ഇന്നു പാലാ കോടതിയില്‍ ഹാജരാക്കും.
2020 ജൂലൈയിലാണ്‌ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ പാലാ സ്വദേശിയായ യുവതിയുമായി മോനുകുമാര്‍ ഫെയ്‌സ്‌ബുക്കിലൂടെ സൗഹൃദം സ്‌ഥാപിച്ചത്‌. സൗഹൃദം വളര്‍ന്നതോടെ ചാറ്റിങ്‌ വാട്‌സ്‌ആപ്പിലേക്കു മാറി. ചാറ്റിങ്‌ വഴി യുവതിയുടെ ഫോട്ടോകളും വീഡിയോകളും മോനുകുമാര്‍ കരസ്‌ഥമാക്കി. 

തുടര്‍ന്നു സഹോദരിയുടെ വിവാഹത്തിനെന്നു പറഞ്ഞ്‌ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ യുവതി തയാറായില്ല.
2021 ഏപ്രിലിലാണ്‌ മോനുകുമാര്‍ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചത്‌. തുടര്‍ന്നു യുവതി പാലാ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്നു വ്യക്‌തമായതോടെ പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ചു. 

വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ പാലാ പോലീസ്‌ ഡല്‍ഹിയിലെത്തി പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. ഡിവൈ.എസ്‌.പി: ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ: കെ.പി. ടോംസണ്‍, എസ്‌.ഐ: അഭിലാഷ്‌, തോമസ്‌ സേവ്യര്‍, എ.എസ്‌.ഐ: എ.ടി. ഷാജിമോന്‍ തുടങ്ങിയവരാണ്‌ പ്രതിയെ പിടികൂടിയത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only