06/01/2022

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി
(VISION NEWS 06/01/2022)
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂർ സ്വദേശി മോഹൻ ദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പൊലീസാണ് മോഹൻ ദാസിനെ കണ്ടെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യലഹരിയിലായിരുന്ന ഒരാള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തന്നെ മര്‍ദിച്ചയാളെ ബിന്ദു തിരിച്ചും മര്‍ദിക്കുന്നത് ദൃശ്യങ്ങള്‍ കാണാം.

സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. കണ്ടാലറിയാവുന്ന ഒരു സംഘമാളുകള്‍തന്നെ അപമാനിക്കുകയും അതിലൊരാള്‍ ആക്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകള്‍ക്കുനേരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only