03/01/2022

ആലുവയിൽ പെട്ടെന്ന് കിണറ്റിലെ വെള്ളത്തിന്റെ നിറം മാറി, എടുത്തു നോക്കിയപ്പോൾ ഡീസൽ
(VISION NEWS 03/01/2022)
ആലുവ: മുട്ടം പെട്രോൾ പമ്പിന് സമീപത്തെ വീട്ടിലെ കിണറ്റിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയതായി വീട്ടുടമസ്ഥന്റെ പരാതി. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ചോർച്ചയുണ്ടായതാകാമെന്നാണ് നിലവിലെ നിഗമനം. പുതുവന മുഹമ്മദാലിയുടെ വീട്ടിലെ കിണറ്റിലേക്കാണ് ഡീസല്‍ ചോര്‍ന്നത്. മുന്‍പും ഇതുപോലെ ഇന്ധന ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു.

മുട്ടം തൈക്കാവ് ജംഗ്ഷനിലെ ഐ.ഒ.സി പമ്പില്‍ നിന്നാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. കിണറിലെ വെള്ളം പൂര്‍ണമായും ഉപയോഗശൂന്യമായിട്ടുണ്ട്. പമ്പുകാരുടെ ജാഗ്രതക്കുവാണ് ഇന്ധന ചോര്‍ച്ചക്ക് കാരണമെന്ന് മുഹമ്മദാലി ആരോപിക്കുന്നു. 15 വര്‍ഷം മുന്‍പും ഇതുപോലെ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു. വെള്ളത്തിന്‍റെ നിറം മാറിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നതെന്നും ഡീസലിന്‍റെ മണം അനുഭവപ്പെട്ടതോടെ പമ്പില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഉറപ്പിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.

അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നാളെ പഞ്ചായത്തില്‍ പരാതി നല്‍കാനിരിക്കുകയാണ്. പ്രശ്നത്തിന് കൃത്യമായ പരിഹാരം കാണണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. എന്നാല്‍ പമ്പില്‍ നിന്നുള്ള ചോര്‍ച്ചയല്ലെന്നാണ് പമ്പുകാർ മറുപടി പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only