04/01/2022

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം : ബസ് പൂര്‍ണമായും കത്തി നശിച്ചു
(VISION NEWS 04/01/2022)
കണ്ണൂർ : ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അപകടം. പൊടിക്കുണ്ടില്‍ ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. പാലിയത്ത് വളപ്പ് – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അതേസമയം ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. തീ പടരുന്നതിന് മുമ്പ് നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഡ്രൈവറുടെ സീറ്റിന് അരികില്‍ നിന്ന് തീപ്പൊരി ഉയരുകയും പിന്നീട് ശക്തമായ പുക ഉയരുകയും ആയിരുന്നു. പുക വന്നതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ ബസില്‍ മുഴുവനായി തീ പടര്‍ന്നു. തുടർന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only