04/01/2022

മദ്യലഹരിയില്‍ എ.എസ്.ഐ കാറോടിച്ച് അപകടമുണ്ടാക്കി, നിര്‍ത്താതെ പോയി; വളഞ്ഞിട്ട് പിടികൂടി നാട്ടുകാര്‍
(VISION NEWS 04/01/2022)
തൃശ്ശൂർ: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐ.യും സംഘവും അറസ്റ്റിൽ. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ. പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പീച്ചിയ്ക്കടുത്ത് കണ്ണാറയിൽ ഒരു ബർത്ത്ഡേ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. എ.എസ്.ഐ.യായ പ്രശാന്താണ് കാർ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തി. എന്നാൽ ഇവർ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.


അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാൽ അധികദൂരം സംഘത്തിന് മുന്നോട്ടുപോകാനായില്ല. തുടർന്നാണ് പിന്തുടർന്നെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ വളഞ്ഞിട്ട് പിടികൂടിയത്. ഇതോടെയാണ് കാറോടിച്ചിരുന്നത് എ.എസ്.ഐ.യാണെന്ന് വ്യക്തമായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ.യായ പ്രശാന്ത് നിലവിൽ വടക്കേക്കര സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിലാണ്. കാറിൽ കൂടെയുണ്ടായിരുന്നവർ ഇയാളുടെ സുഹൃത്തുക്കളാണ്. സംഘത്തിലുള്ളത് എ.എസ്.ഐ.യാണെന്ന് മനസിലായതോടെ സ്ഥലത്തെത്തിയ പോലീസുകാർ സംഭവം മറച്ചുവെയ്ക്കാനും ശ്രമിച്ചു. ഇവരെ കഴിഞ്ഞദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മറ്റുവിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിരുന്നില്ല. അതേസമയം, പ്രശാന്തിനെതിരേ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായും വിവരങ്ങളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only