12/01/2022

ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി
(VISION NEWS 12/01/2022)
ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി . വിക്രം സാരാഭായ് സ്‌പേസ് സെന്റർ മേധാവിയായ ഡോ. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനാകും. എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് സോമനാഥ്. കെ ശിവൻ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.


ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിംഗ് വിദഗ്ധനായ സോമനാഥാണ്. ഐഎസ്ആർഒയുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്‌സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം.

കൊല്ലത്തെ ടികെഎം കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നാണ് എസ് സോമനാഥ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി.

1985ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ചേരുകയും പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. എംജികെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി മാധവൻ നായർ, കെ രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുമ്പ് ചെയർമാൻ സ്ഥാനത്തെത്തിയ മലയാളികൾ.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only