10/01/2022

വിസ്മയ കേസ്; വിചാരണ ഇന്ന് തുടങ്ങും
(VISION NEWS 10/01/2022)




സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന് തുടങ്ങും. ഭർത്താവ് കിരൺ കുമാറിന്‍റെ സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രം. മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹൻ രാജ് തന്നെയാണ് വിസ്മയ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചു വെന്ന് കുറ്റപത്രത്തിൽ പറയുന്നു. 102 സാക്ഷികളും, 92 റെക്കോഡുകളും 56 തൊണ്ടിമുതലുകളും ഉൾപ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 2419 പേജുകളാണ് ഉള്ളത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്. ഇയാളെ ഇന്ന് കോടതിയിൽ എത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only