07/01/2022

കഞ്ചാവും ഹാഷിഷുമായി യുവതിയടക്കം മൂന്നു പേർ അറസ്‌റ്റില്‍
(VISION NEWS 07/01/2022)
അടിമാലി: കഞ്ചാവും ഹാഷിഷുമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായ യുവതിയുമടക്കം മൂന്നു പേര്‍ അറസ്‌റ്റില്‍. അതുല്‍ ബാബു (30), ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ്‌ കോട്ടയം ആര്‍പ്പൂക്കര കല്ലുപുരയ്‌ക്കല്‍ സുറുമി (28), മലപ്പുറം ഏറനാട്‌ മുതുവണ്ണൂര്‍ തേവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്‍ ലെയ്‌സ്‌ (34) എന്നിവരാണ്‌ അടിമാലി നര്‍ക്കോട്ടിക്‌ സ്‌ക്വാഡിന്റെ പിടിയിലായത്‌.

ഇവരില്‍ നിന്ന്‌ 277 ഗ്രാം ഹാഷിഷ്‌ ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു.
നര്‍ക്കോട്ടിക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തില്‍ കൂമ്പന്‍പാറ പെട്ടിമുടി വ്യൂ പോയിന്റില്‍ നടത്തിയ റെയ്‌ഡിലാണ്‌ സംഭവം. മൂന്നാറില്‍ നിന്നുള്ള കച്ചവടക്കാരന്‌ ഹാഷിഷ്‌ ഓയില്‍ കൈമാറുന്നതിനായി പെട്ടിമുടി ടൂറിസ്‌റ്റ്‌ പോയിന്റില്‍ കാത്തുനില്‍ക്കുമ്പോഴാണ്‌ ഇവര്‍ പിടിയിലായത്‌.

ഒന്നാം പ്രതിയായ അബുല്‍ ലെയ്‌സ്‌ എറണാകുളം, കോഴിക്കോട്‌ ജില്ലകളില്‍ മയക്കുമരുന്ന്‌ വിതരണം ചെയ്യുന്ന മൊത്തവ്യാപാരിയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്‌.
ഇവര്‍ നിരവധി തവണ ആഡംബര കാറുകളില്‍ മൂന്നാര്‍ മേഖലയില്‍ മയക്കുമരുന്നുകള്‍ എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്‌. വസ്‌തു കച്ചവടക്കാര്‍ എന്ന വ്യാജേന സിനിമ സിരീയല്‍ ആര്‍ട്ടിസ്‌റ്റുമായി നിരവധി തവണ മൂന്നാര്‍ മേഖലയില്‍ മയക്കുമരുന്നുകള്‍ എത്തിച്ചിട്ടുണ്ട്‌.

വിനോദ സഞ്ചാരികളെന്ന രീതിയിലാണ്‌ ഇവര്‍ പെട്ടിമുടി വ്യൂ പോയിന്റില്‍ എത്തിച്ചേര്‍ന്നത്‌. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only