07/01/2022

പ്രഭാത വാർത്തകൾ
(VISION NEWS 07/01/2022)🔳പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നംഗ സമിതിയെ രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി സുധീര്‍കുമാര്‍ സക്‌സേന അന്വേഷണത്തിനു നേതൃത്വം നല്‍കും. സുരക്ഷാ വീഴ്ച സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.

🔳സര്‍വേ നടത്താതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് എങ്ങനെ മനസിലാക്കിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു സ്ഥലമുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ ചോദ്യം. കേന്ദ്ര അനുമതിയില്ലാതെ റെയില്‍വെ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

🔳സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന മുഖ്യമന്തി പൗരപ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കു സമയം കണ്ടെത്തി. നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

🔳ഇന്ത്യയില്‍ ഒരു ലക്ഷത്തിനു മുകളില്‍ പ്രതിദിന രോഗികളുമായി കൊവിഡിന്റെ ഉഗ്ര വ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി സംസാരിക്കും. പരിശോധനകളും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

🔳നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ രണ്ടു ഹര്‍ജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കും.

🔳നടന്‍ ദിലീപിനെതിരായ കേസില്‍ തുടരന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് നേതൃത്വം നല്‍കും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ എസ്എച്ച്ഒയും സംഘത്തിലുണ്ട്.

🔳മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക്. ഈ മാസം 15 നു അമേരിക്കയിലേക്ക് പോകുന്ന അദ്ദേഹം രണ്ടാഴ്ച അവിടെ തുടരും. മയോ ക്ലിനിക്കിലെ തുടര്‍ ചികിത്സ, പരിശോധന എന്നിവ നടത്തും. ഭാര്യ കമലയും ഒരു പിഎയും അനുഗമിക്കും.

🔳സര്‍വ്വീസില്‍ തിരിച്ചെത്തിയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം നല്‍കി.

🔳കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കളമശേരി സ്വദേശി നീതു (23), നീതുവിനെ സഹായിച്ച കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവര്‍ പിടിയിലായി. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തിരുവല്ല കുറ്റൂര്‍ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു. കൂടെയുണ്ടായിരുന്ന ബാലന്‍ മകനാണ്.

🔳വയോധികനില്‍നിന്ന് അമ്പതിനായിരം രൂപ കോഴവാങ്ങിയതിന് പാലക്കാട് കോങ്ങാട് വില്ലേജ് ഓഫീസിലെ രണ്ട് ഫീല്‍ഡ് അസിസ്റ്റന്റുമാരെ വിജിലന്‍സ് പിടികൂടി. മനോജ്, പ്രസന്നന്‍ എന്നിവരാണ് പിടിയിലായത്. ചല്ലിക്കല്‍ സ്വദേശി കുമാരന്റെ പരാതിയിലായിരുന്നു വിജിലന്‍സ് നടപടി. ക്യാന്‍സര്‍ രോഗിയായ മകളുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ 16 സെന്റ് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. ഭൂമിക്കു പട്ടയം ശരിയാക്കാന്‍ ലക്ഷം രൂപയാണു കോഴ ആവശ്യപ്പെട്ടത്.

🔳വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ 67,000 രൂപയുടെ കെക്കൂലി കണ്ടെത്തിയ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്‍ഡ് ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍, ഓഫീസ് അസിസ്റ്റന്‍ഡ് സുനില്‍ മണി നാഥ് എന്നിവരെയാണ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്.  

🔳ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ മുഖ്യപ്രതികളില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇതുവരെ 16 പേരാണ് പിടിയിലായത്.

🔳കേരളത്തില്‍ 18 വയസിനു മുകളിലുള്ള 98.6 ശതമാനം പേര്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിന് മുകളിലുള്ള 81 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും നല്‍കി. 2.63 കോടി പേരാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. 2.14 കോടി പേര്‍ രണ്ടാം ഡോസുമെടുത്തു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തി.

🔳പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിന്റെ പേരില്‍ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ നീട്ടാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം.

🔳കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ പാലത്തിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മടവൂര്‍ സ്വദേശികളായ ദമ്പതികളായ കൃഷ്ണന്‍ കുട്ടിയും(54) സുധ(42)യുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അരുണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🔳സംസ്ഥാന വാട്ടര്‍ അതോറിറ്റിക്കു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 594 കോടി രൂപ! 1000 ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ 13.41 രൂപ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. 2194 കോടി രൂപ വാട്ടര്‍ അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുണ്ട്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം നല്‍കാനുള്ളത് 422 കോടിയാണ്. കുടിവെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിച്ചോ, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചോ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

🔳സംവിധായകന്‍ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു. കമലിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്നു വര്‍ഷത്തേക്കാണു നിയമനം. ഇതേസമയം, കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനമായില്ല.

🔳കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 140 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  

🔳കോന്നിയിലെ ഉള്‍വനത്തില്‍ നിന്ന് തലയോട്ടിയും അസ്ഥികഷ്ണവും കണ്ടെത്തി. ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മഞ്ഞാറയില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുന്തിരിക്കം ശേഖരിക്കാന്‍ മൂന്നു മാസംമുമ്പ് ഉള്‍വനത്തില്‍ പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസും വനം വകുപ്പും കാട്ടില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയത്.

🔳ഷാലിമാര്‍ - തിരുവനന്തപുരം എക്സ്പ്രസ്സില്‍ കടത്താന്‍ ശ്രമിച്ച 27 കിലോ കഞ്ചാവ് ആര്‍പിഎഫ് പിടികൂടി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായി.

🔳കേരളം അടക്കം പതിനേഴു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി 9,871 കോടി രൂപ അനുവദിച്ചു. പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ പത്താമത് പ്രതിമാസ ഗഡുവാണിത്. ഈ ഗഡു കൈമാറിയതോടെ ഈ സാമ്പത്തിക വര്‍ഷം ആകെ 98,710 കോടി രൂപ ഗ്രാന്റ് ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. കേരളത്തിന് 1657.58 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്.

🔳പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവര്‍ വഴിയാണു വരുന്നതെന്ന് അറിഞ്ഞില്ലെന്നും പോലീസ് പറഞ്ഞതു കള്ളമാണെന്നു ധരിച്ചെന്നും പ്രതിഷേധ സമരത്തിനു നേതൃത്വം നല്‍കിയ കര്‍ഷകരുടെ നേതാവ്. പ്രധാനമന്ത്രിയെ തടയാന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രതിഷേധം അറിയിക്കാന്‍ മാത്രമായിരുന്നു പരിപാടിയെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജീത്ത് സിങ് ഫൂല്‍.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസ്സിനായി മഹാമൃത്യുഞ്ജയ ഹോമം നടത്താന്‍ ബിജെപി. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനുട്ടോളം കുടുങ്ങിയതിനു പിറകേയാണ് നീക്കം. ഡല്‍ഹിയില്‍ വിവിധ ക്ഷേത്രങ്ങളിലായി പൂജകള്‍ നടക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭോപാലിലെ ഗുഹാക്ഷേത്രത്തിലായിരിക്കും മൃത്യുഞ്ജയ ജപം നടത്തുക.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപരി രാം നാഥ് കൊവിന്ദിന് കത്തെഴുതി. റോഡ് തടഞ്ഞത് സുരക്ഷാ പ്രശ്‌നം മാത്രമല്ലെന്നും രാജ്യത്തിന് നാണക്കേടാണെന്നും കത്തില്‍ ആരോപിച്ചു.

🔳കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഈ മാസം അവസാനംവരെ നീട്ടിയേക്കും. ബംഗളൂരു നഗരത്തിലെ സ്‌കൂളുകളും കോളജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

🔳നീറ്റ് പിജി കൗണ്‍സിലിംഗ് കേസില്‍ ഇന്നു സുപ്രീംകോടതി ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി വാദം കേട്ടു.

🔳മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മിയെ 'മറാത്തി റാബ്രി ദേവി'യെന്നു പരിഹസിച്ചു ട്വിറ്ററില്‍ പോസ്റ്റിട്ട ബിജെപി നേതാവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ജിതന്‍ ഗജാരിയയെ ആണ് പിടിയിലായത്.

🔳ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിംഗ് റാണയ്ക്കാണ് ക്യാബിനറ്റ് പദവി നല്‍കുന്നത്.

🔳എയര്‍ ഇന്ത്യയെ ടാറ്റക്കു കൈമാറുന്നതിനെതിരായ ബിജെപി നേതാവ് ഡോ. സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്‌മണ്യം സ്വാമി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ് ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ചു. അടുത്ത മാസംമുതല്‍ പ്രാബല്യത്തിലാകും. ബാങ്ക് ശാഖകള്‍ വഴി നടത്തുന്ന ആയിരം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് നിലവിലെ ജിഎസ്ടിക്കൊപ്പം സേവന നിരക്കും ഈടാക്കും. രണ്ടു മുതല്‍ അഞ്ചുവരെ ലക്ഷം രൂപയുടെ ഇടപാടുകള്‍ക്കായി പുതിയ സര്‍വീസ് ചാര്‍ജായി 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ചു ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

🔳നേപ്പാള്‍ അതിര്‍ത്തിയിലെ മഹാകാളി നദിക്കു കുറുകെ ധാര്‍ചുലയില്‍ പാലം നിര്‍മ്മിക്കുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

🔳കസാഖിസ്ഥാനില്‍ കലാപം നിയന്ത്രിക്കാന്‍ റഷ്യന്‍ സൈന്യം വരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുപ്പതിലേറെ പേര്‍ മരിച്ചു. മരിച്ചവരില്‍ പന്ത്രണ്ടിലേറെപേര്‍ പോലീസുകാരാണ്. മുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

🔳വടക്കന്‍ നൈജറിലെ മരുഭൂമിയില്‍നിന്ന് വാഹനത്തില്‍ 200 കിലോഗ്രാം കൊക്കെയ്നുമായി ഒരു മേയറെയും ഡ്രൈവറെയും അറസ്റ്റുചെയ്തു. മാലിയില്‍ നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് ശേഷം ലിബിയയിലേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മേയറിന്റെ പേരു വെളിപ്പെടുത്തിയില്ല.

🔳പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍നിന്ന് എല്‍എല്‍എം ബിരുദംനേടിയ ജസ്റ്റിസ് ആയിഷ മാലിക് 2012 ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായത്.

🔳ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമിലെ വിജയഗോളുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. നിശ്ചിത സമയത്ത് 2-1 മുന്നിലായിരുന്ന ജംഷഡ്പൂരിനെതിരെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ഇഞ്ചുറി ടൈം തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ ഇഷാന്‍ പണ്ഡിതയിലൂടെ വിജയഗോള്‍ നേടിയാണ് ജംഷഡ്പൂര്‍ നാടകീയ ജയം സ്വന്തമാക്കിയത്.

🔳മഴ ദൈവങ്ങള്‍ക്കും ഇന്ത്യയുടെ തോല്‍വി തടയാനായില്ല. വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ അനായാസ ജയവുമായി ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-1 ന് ഒപ്പമെത്തി. നാലാം ദിനം ആദ്യ രണ്ട് സെഷനുകളും പൂര്‍ണമായും മഴ കൊണ്ടുപോയെങ്കിലും അവസാന സെഷനില്‍ വിജയലക്ഷ്യമായ 240 റണ്‍സ് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തു. 96 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി.

🔳കേരളത്തില്‍ ഇന്നലെ 68,325 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4,649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 204 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49116 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 233 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേര്‍ രോഗമുക്തി നേടി. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73.

🔳രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 1,12,589 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 36,265 പേര്‍ക്കും കര്‍ണാടകയില്‍ 5,031 പേര്‍ക്കും തമിഴ്നാട്ടില്‍ 6,983 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 3,121 പേര്‍ക്കും പശ്ചിമബംഗാളില്‍ 15,421 പേര്‍ക്കും ഡല്‍ഹിയില്‍ 15,097 പേര്‍ക്കും ചത്തീസ്ഗഡില്‍ 2,400 പേര്‍ക്കും രാജസ്ഥാനില്‍ 2,656 പേര്‍ക്കും ഗുജറാത്തില്‍ 4,213 പേര്‍ക്കും മദ്ധ്യപ്രദേശില്‍ 1,033 പേര്‍ക്കും ഹരിയാനയില്‍ 2,678 പേര്‍ക്കും ബീഹാറില്‍ 2,380 പേര്‍ക്കും തെലുങ്കാനയില്‍ 1,913 പേര്‍ക്കും ജാര്‍ക്കണ്ടില്‍ 3,704 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

🔳ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പതു കോടി കവിഞ്ഞു. ഇന്നലെ ഇരുപത്തി രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ അഞ്ച് ലക്ഷത്തിനു മുകളിലും ഇംഗ്ലണ്ടില്‍ 1,79,756 പേര്‍ക്കും ഫ്രാന്‍സില്‍ 2,61,481 പേര്‍ക്കും തുര്‍ക്കിയില്‍ 68,413 പേര്‍ക്കും ജര്‍മനിയില്‍ 56,787 പേര്‍ക്കും ഇറ്റലിയില്‍ 2,89,441 പേര്‍ക്കും അര്‍ജന്റീനയില്‍ 1,09,608 പേര്‍ക്കും പോര്‍ച്ചുഗലില്‍ 39,074 പേര്‍ക്കും ഗ്രീസില്‍ 33,711 പേര്‍ക്കും ആസ്ട്രേലിയയില്‍ 72,508 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 29.78 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3.56 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,055 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,548 പേരും റഷ്യയില്‍ 802 പേരും ജര്‍മനിയില്‍ 305 പേരും പോളണ്ടില്‍ 646 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.88 ലക്ഷമായി.

🔳മാമാഎര്‍ത്തിന് പിന്നാലെ മറ്റൊരു സ്റ്റാര്‍ട്ടപ്പ് കൂടി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ആയ ഫ്രാക്ടാല്‍ ആഗോള നിക്ഷേപ സ്ഥാപനമാണ് യുണികോണ്‍ ക്ലബ്ബില്‍ കയറിയത്. ടിപിജിയില്‍ നിന്നും 360 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് കമ്പനിക്ക് ഈ നേട്ടം കൈവരിച്ചിരിക്കാന്‍ സാധിച്ചത്. ഫ്രാക്ടാല്‍ ഇതുവരെ 685 ദശലക്ഷം രൂപയാണ് സ്വരൂപിച്ചിരിക്കുന്നത്. അപാക്‌സ് പാര്‍ട്ട്‌നേഴ്‌സിന്റെ ഫണ്ടുകളില്‍ നിന്നുമുള്ള പ്രൈമറി, സെക്കന്ററി ഓഹരികള്‍ വാങ്ങിയതും കൂടിച്ചേര്‍ന്നതാണ് ഈ ഇടപാട്.

🔳കോവിഡ് വ്യാപനത്തെതുടര്‍ന്ന് ക്ലെയിം വര്‍ധിച്ചതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കമ്പനികള്‍ കൂട്ടുന്നു. നടപ്പ് സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ ടേം ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 4.18ശതമാനമാണ് വര്‍ധനവുണ്ടായത്. ഒരു കോടി രൂപയുടെ പരിരക്ഷയ്ക്ക് ഈടാക്കിയിരുന്ന ശരാശരി വാര്‍ഷിക പ്രീമിയം 29,443 രൂപയില്‍നിന്ന് 30,720 രൂപയായി വര്‍ധിച്ചു. അഞ്ചില്‍ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയം നിരക്കില്‍ വര്‍ധനവരുത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ മറ്റുകമ്പനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. തനി സാധാരണക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത് എന്ന് സിനിമയുടെതായി പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. 'നന്‍പകല്‍ നേരത്ത് മയക്കം' എന്നാല്‍ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ്. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിര്‍മാണ കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മിക്കുന്നത്.

🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ച പ്രഭാസ് ചിത്രം രാധേശ്യാമിന് കോടികള്‍ വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം. ചിത്രത്തിനായി 400 കോടി രൂപയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി 14ന് ആയിരുന്നു രാധേശ്യാം റിലീസ് ചെയ്യാനിരുന്നത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം രാധാകൃഷ്ണ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്.

🔳എം.ജി.എസ്. നാരായണന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. കഴിഞ്ഞ അഞ്ചു ദശകക്കാലത്തിനിടയ്ക്ക് രചിച്ച ഇവ വിപുലവും വൈവിധ്യമാര്‍ന്നതുമായ വിഷയങ്ങളെ പഠനവിധേയമാക്കുന്നു. 'ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍'. മാതൃഭൂമി. വില 312 രൂപ.

🔳ഇന്നോവ ക്രിസ്റ്റയ്ക്ക് ഒപ്പം ഫോര്‍ച്യൂണറിനും ലെജന്‍ഡറിനും വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. 2022 ഇന്നോവ ക്രിസ്റ്റയ്ക്ക് രണ്ട് പുതിയ അടിസ്ഥാന വേരിയന്റുകള്‍ നല്‍കുകയും, നിലവിലുള്ള ശ്രേണിയുടെ വില 33,000 രൂപ വരെ വര്‍ദ്ധിപ്പിച്ചപ്പോള്‍ 2022 ടൊയോട്ട ഫോര്‍ച്യൂണറിനും ലെജന്‍ഡറിനും 1.10 ലക്ഷം രൂപ വരെ വില വര്‍ദ്ധിപ്പിച്ചു.

🔳കൊവിഡ് സംബന്ധിച്ച പഠനങ്ങളുടെ കണ്ടെത്തുകള്‍ അടുത്തിടെ പുറത്തുവന്നതാണ് ഇപ്പോള്‍ ഏറെ ഭീതി പരത്തുന്നത്. ഗര്‍ഭാവസ്ഥയിലെ കൊറോണ അണുബാധ ശിശുക്കളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കിലും പകര്‍ച്ചാവ്യാധികള്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയെ സ്വാധീനിക്കാനിടയുണ്ടെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജമാ പീഡിയാട്രിക്സ് വെളിപ്പെടുത്തുന്നു. പകര്‍ച്ചാവ്യാധി കാലത്ത് ജനിച്ച 225 കുഞ്ഞുങ്ങളിലാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ 114 കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഗര്‍ഭകാലത്ത് കൊവിഡ് ബാധിതരായിരുന്നു. കുഞ്ഞുങ്ങള്‍ ജനിച്ച് ആറ് മാസം പിന്നിട്ടപ്പോള്‍ അമ്മയുടെ കോവിഡ് ബാധ ഏതെങ്കിലും രീതിയില്‍ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് ജനിച്ച 62 കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പകര്‍ച്ചാവ്യാധിക്കാലത്ത് ജനിച്ച കുട്ടികളുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. കൊവിഡ് അണുബാധ കിഡ്‌നിയെ നേരിട്ട് ബാധിക്കുമെന്നും ഇത് കിഡ്നിയില്‍ പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നും സെല്‍ പ്രസ് പ്രസിദ്ധീകരിച്ച സെല്‍ സ്റ്റെ സെല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നത് വൈറസ് മൂലമുണ്ടാകുന്ന പാടുകള്‍ മൂലമാകാമെന്ന് കൊവിഡിനെ അതിജീവിച്ച 90,000ത്തിലധികം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

*ശുഭദിനം*

ആ സന്യസിക്ക് ഒരു നാണയം വഴിയില്‍ നിന്നും കളഞ്ഞ് കിട്ടി. ലളിതമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് ആ നാണയം ഒരു അധികപ്പറ്റായിരുന്നു. അര്‍ഹതപ്പെട്ട ആര്‍ക്കെങ്കിലും നല്‍കാമെന്നുകരുതി അദ്ദേഹം അവിടെ തന്നെ ഇരുന്നു. വൈകുന്നേരമായിട്ടും ആരേയും ആ വഴി കണ്ടില്ല. അപ്പോഴാണ് യുദ്ധസന്നാഹവുമായി രാജാവ് ആ വഴി കടന്നുവരുന്നത്. അദ്ദേഹം പറഞ്ഞു: ഞാന്‍ അയല്‍രാജ്യം ആക്രമിക്കാനായി പോവുകയാണ്. എന്നെ അനുഗ്രഹിച്ചാലും സന്യാസി രാജാവിന് ആ നാണയം കൊടുത്തു. തനിക്കെന്തിനാണ് ഈ നാണയമെന്ന് രാജാവ് ചോദിച്ചു. സന്യാസി പറഞ്ഞു. എനിക്ക് വഴിയില്‍ നിന്നും കിട്ടിയതാണ് ഈ നാണയം. ഇത് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു.മറ്റെല്ലാവരും അവര്‍ക്ക് ഉള്ളതില്‍ സംതൃപ്തരാണ്. പക്ഷേ, താങ്കള്‍ തനിക്ക് ഇനിയും വേണമെന്ന ആവശ്യവുമായാണ് വന്നത്. അതുകൊണ്ട് താങ്കള്‍ക്കാണ് ഈ നാണയത്തിന് അര്‍ഹത. രാജാവ് തന്റെ പദ്ധതി ഉപേക്ഷിച്ചു. സ്വന്തം രാജ്യത്തേക്ക് തിരികെ യാത്രയായി. നിലവിലുള്ള സമ്പാദ്യങ്ങളില്‍ തൃപ്തിപ്പെടാത്തവരാണ് അധികവും. തനിക്കുളളതിനോട് കൂടി കൂടുതല്‍ കൂട്ടിച്ചേര്‍ക്കാനുളള ഓട്ടത്തിലാണ് എല്ലാവരും. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണമെന്നതും കൂടുതല്‍ ഉയരങ്ങള്‍ താണ്ടണമെന്നതും ശരിതന്നെയാണ്. ആഗ്രഹമല്ല തെറ്റ്, അനാവശ്യമായതും അനര്‍ഹമായതും ആഗ്രഹിക്കുന്നതാണ് തെറ്റ്. ആഗ്രഹങ്ങളില്ലാതെ ആരും നിലനില്‍ക്കില്ല. പുതിയ മോഹങ്ങളും അവയ്ക്ക് പിന്നാലെയുള്ള യാത്രയുമാണ് ജീവിതം. ഒരിക്കല്‍ നേടിയ നേട്ടത്തിന്റെ സുഖലോലുപതയില്‍ ആര്‍ക്കും അധികം കാലം കഴിയാന്‍ ആവില്ല. പക്ഷേ, പുതിയ നേട്ടങ്ങള്‍ തേടുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ആ നേട്ടം ജീവിതത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കുന്നതാകണം, അത് മറ്റാരുടേയും ജീവിതത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുന്നവയാകരുത്, ഓരോ വിജയവഴിയിലും പ്രചോദനപരമായ എന്തെങ്കിലും അവശേഷിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ഇല്ലാത്തവയുടെ പിന്നാലെ പരക്കം പായുമ്പോള്‍ ഉള്ളവയുടെ ഭംഗി ആസ്വദിക്കാന്‍ നമുക്ക് നേരം കിട്ടുന്നില്ല എന്നതാണ്. സ്ഥിരസാമിപ്യംകൊണ്ട് നമുക്ക് കൂടെയുളളവയുടെ ഗുണമേന്മ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. കിട്ടാന്‍ ബുദ്ധിമുട്ടുളള അക്കരപ്പച്ചകള്‍ക്ക് പിറകെയാണ് പലരും. ഉള്ളതിനെ ബഹുമാനിക്കാനും സംരക്ഷിക്കാനും കഴിയുമ്പോഴാണ് നമുക്ക് അധിക നേട്ടങ്ങളുടെ ഇടയില്‍ അര്‍ഹതയുടെ അരിപ്പ വെയ്ക്കാനാകൂ. - *ശുഭദിനം* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only