13/01/2022

അടുക്കളയിൽ നിന്ന് ജൈവവളം നിർമ്മിക്കാം, വളരെ എളുപ്പത്തിൽ
(VISION NEWS 13/01/2022)
വീട്ടില്‍നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ പച്ചക്കറികൃഷിക്കുള്ള ഒന്നാന്തരം വളമാക്കി മാറ്റാം. അടുക്കളത്തോട്ടം പരിപാലിക്കാൻ അടുക്കള മാലിന്യം തന്നെ ധാരാളം. ചില പൊടിക്കൈകൾ ഇതാ


പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലും ഇലകളിലും തളിച്ചുകൊടുക്കാം. ഉപകാരികളായ സൂക്ഷ്മാണുക്കളുടെ കൂട്ടാണ് പുളിച്ച കഞ്ഞിവെള്ളം. രോഗങ്ങളെ പ്രതിരോധിക്കാനും ചെടികളുടെ വളര്‍ച്ച കൂട്ടാനും കഞ്ഞിവെള്ളത്തിന് കഴിയും.

മത്സ്യാവശിഷ്ടം ഒന്നാന്തരം വളമാക്കാം. ഏതുതരം മീനിന്റെയും അവശിഷ്ടം ചെറിയ കഷ്ണങ്ങളാക്കി അത്രതന്നെശര്‍ക്കരയും ചേര്‍ത്ത് ഒരു കുപ്പിയില്‍ അടച്ചുവെക്കണം.ഒന്നര മാസംകൊണ്ട് ഒന്നാന്തരം ഫിഷ് അമിനോ ആസിഡ് തയ്യാറാകും. രണ്ടുമില്ലി ഫിഷ് അമിനോ ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കറിവേപ്പില ഉള്‍പ്പെടെയുള്ള പച്ചക്കറികളില്‍ ആഴ്ചയിലൊരിക്കല്‍ തളിക്കണം. എല്ലാതരം സൂക്ഷ്മമൂലകങ്ങളും ലഭിക്കുമെന്നുമാത്രമല്ല പ്രോട്ടീന്‍ ചീലേറ്റഡ് രൂപത്തിലുള്ള നൈട്രജന്‍ ആയതിനാല്‍ ചെടികള്‍ക്ക് നല്ല കരുത്തും കിട്ടും.

മത്സ്യമാലിന്യം ധാരാളമുള്ള വീടാണെങ്കില്‍ മൂടിയുള്ള ബക്കറ്റില്‍ അന്നന്നത്തെ മീന്‍ അത്രതന്നെ വെണ്ണീറുമായി കൂട്ടിക്കലര്‍ത്തിയിടുക. ബക്കറ്റ് നിറയുന്ന മുറയ്ക്ക് മറ്റൊരു ബക്കറ്റില്‍ ഇതേ പ്രവര്‍ത്തനം തുടരാം. വലിയ ചെലവില്ലാതെ തയ്യാറാക്കാവുന്ന ഏറ്റവും നല്ല വളമാണിത്.

തേങ്ങാവെള്ളവും മോരും ഒരേ അനുപാതത്തില്‍ കലര്‍ത്തി 10 ദിവസം സൂക്ഷിച്ചുവെക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി കലര്‍ത്തി പച്ചക്കറികളില്‍ തളിക്കണം. ലാക്ടോകൈനിന്റെ വന്‍ സ്രോതസ്സായതിനാല്‍ വളര്‍ച്ചാത്വരകമായി ഇത് പ്രവര്‍ത്തിക്കും.

പറമ്പില്‍ വളരുന്ന കളകള്‍ ഉപയോഗിച്ചും ജൈവടോണിക്കുണ്ടാക്കാം. പലതരത്തിലുള്ള കളകള്‍ പറിച്ച് ഒരു ബക്കറ്റില്‍ നിക്ഷേപിക്കുക. രണ്ടരക്കിലോഗ്രാം കളകള്‍ക്ക് 10 ലിറ്റര്‍ വെള്ളം എന്നതോതില്‍ എടുക്കണം. ഇതില്‍ 20 ഗ്രാംവീതം ശര്‍ക്കര, പുളി, ഉപ്പ് എന്നിവ ലയിപ്പിക്കാം. മൂന്ന് ദിവസത്തിലൊരിക്കല്‍ മിശ്രിതം ഇളക്കണം.

രണ്ടാഴ്ചയ്ക്കുശേഷം ഈ മിശ്രിതം അരിച്ചെടുത്ത് പച്ചക്കറികള്‍ക്ക് വളമായി ചേര്‍ത്തുകൊടുക്കാവുന്നതാണ്. ചെടികള്‍ തഴച്ചുവളരുന്നതിനും കായ്ഫലമുണ്ടാകുന്നതിനും കളവളം ഉത്തമമാണ്. അടുക്കളയില്‍ ചീഞ്ഞുതുടങ്ങിയ പഴങ്ങള്‍ അല്പം യീസ്റ്റും ഒരു ചെറിയകഷ്ണം ശര്‍ക്കരയും പുളിച്ച കഞ്ഞിവെള്ളവും ചേര്‍ത്ത് രണ്ടുദിവസം വെക്കുക. പത്തിരട്ടി വെള്ളം ചേര്‍ത്ത് എല്ലാ ആഴ്ചയും പച്ചക്കറികളുടെ തടം കുതിര്‍ക്കുന്നതിനും തളിച്ചുകൊടുക്കുന്നതിനും ഉപയോഗിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only