04/01/2022

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് വനിത
(VISION NEWS 04/01/2022)
ഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് ആദ്യമായൊരു വനിതയെത്തുന്നു. കമ്പനിയുടെ താത്കാലിക ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അളക മിത്തലിനെ നിയമിച്ചു. കേന്ദ്ര കാബിനറ്റ് സമിതിയാണ് അളക മിത്തലിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. സുഭാഷ് കുമാർ വിരമിച്ചതോടെയാണ് താത്കാലിക നിയമനം.

തസ്തികയിലേക്ക് ഒരു സ്ഥിരം ചുമതലക്കാർ എത്തുകയോ , ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആറ് മാസത്തെ കാലയളവ് വരെയോ അടുത്ത ഉത്തരവ് വരെയുമാണ് അളക മിത്തലിന്റെ നിയമനത്തിന്റെ കാലാവധി.ഇതിൽ ഏതെങ്കിലും സംഭവിക്കുന്നത് വരെ അവർക്ക് സിഎംഡി സ്ഥാനത്ത് തുടരാനാവും. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഇവരെ ശുപാർശ ചെയ്യുകയായിരുന്നു ഇത് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിക്കുകയും ചെയ്തു.

നിലവിൽ എച്ച്ആർ വിഭാഗം ഡയറക്ടറായിരുന്നു അളക. സുഭാഷ് കുമാർ സ്ഥാനമൊഴിഞ്ഞതാണ് അളക മിത്തലിന് കൂടുതൽ ചുമതല ലഭിക്കാൻ ഇടയായത്. ഒഎൻജിസിയുടെ തലപ്പത്ത് നിന്ന് ശശിശങ്കർ വിരമിച്ച ശേഷം കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സുഭാഷ് കുമാർ സിഎംഡിയുടെ ചുമതല വഹിച്ചിരുന്നു. അന്ന് ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ ആയിരുന്നതിനാലാണ് ഒഎൻജിസിയിലെ സിഎംഡി ചുമതല സുഭാഷ് കുമാറിന് ലഭിച്ചത്.
2014 ൽ വസുദേവയെന്ന വനിത ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കമ്പനിയുടെ തലപ്പത്ത് എത്തിയിരുന്നു. എന്നാൽ ആദ്യമായാണ് ഇന്ധനവും പ്രകൃതി വാതകവും ഉൽപ്പാദിപ്പിക്കുകയും വിതരണവും നടത്തുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് ഒരു വനിതയെത്തുന്നത്.

ഒഎൻജിസിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഇവർ അംഗമാകുന്നത് 2018 നവംബർ 27 നാണ്. ഇവർക്ക് ശേഷം ഫിനാൻസ് ഡയറക്ടറായി ബോർഡിലെത്തിയ രണ്ടാമത്തെ വനിത പൊമിള ജസ്പാൽ ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only