12/01/2022

പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും ലഭിക്കുന്നില്ല: പരാതിയുമായി യുവതി
(VISION NEWS 12/01/2022)
കൊച്ചി: പെൺകുട്ടികളെ പ്രസവിച്ചതിന് ശേഷം ഭർത്താവിൽ നിന്ന് സ്നേഹം ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി. വനിതാ കമ്മിഷനിലാണ് യുവതി പരാതി നൽകിയത്. രണ്ടു വയസും ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരുന്നത്. എന്നാൽ പരാതിക്കാരിയുടെ ആരോപണം എതിര്‍ കക്ഷി പൂര്‍ണമായും നിഷേധിച്ചു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി.

അതേസമയം പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിലയിരുത്തി. സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ. ഷിജി ശിവജി പറഞ്ഞു.

കമ്മിഷന്‍ രണ്ട് ദിവസമായി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു. ഗാര്‍ഹിക പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, പൊലീസിനെതിരായ പരാതി തുടങ്ങിയ വിവിധതരത്തിലുള്ള 39 പരാതികള്‍ക്ക് തീര്‍പ്പായി. ഏഴ് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. രണ്ട് പരാതികള്‍ കൗണ്‍സലിങ്ങിന് വിട്ടു. ആകെ പരിഗണിച്ച 200 പരാതികളില്‍ 152 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിയെന്ന് വനിതാ കമ്മിഷൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only