04/01/2022

ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി പേര്‍ മാത്രം
(VISION NEWS 04/01/2022)
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അവശ്യ സര്‍വീസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമിലേക്കു മാറണം. സ്വകാര്യ സ്ഥാപനങ്ങള്‍ പകുതി ജീവനക്കാരെ മാത്രം വച്ചു പ്രവര്‍ത്തിക്കണമെന്നും സിസോദിയ നിര്‍ദേശിച്ചു.

ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും കര്‍ഫ്യൂ. ജനങ്ങള്‍ അത്യാവശ്യ കാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂവെന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിസോദിയ പറഞ്ഞു.

ബസിലും മെട്രോയിലും പ്രവേശനം പകുതി പേര്‍ക്കു മാത്രമാക്കിയതോടെ ബസ് സ്റ്റോപ്പുകളും മെട്രോ സ്‌റ്റേഷനുകളും കോവിഡ് പരത്തുന്ന കേന്ദ്രങ്ങളായിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ഉപമുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് ബസിലും മെട്രോയിലും മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. യാത്രയ്ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്ന് സിസോദിയ വ്യക്തമാക്കി. 

ഡല്‍ഹിയില്‍ നിലവില്‍ 11000 ആക്ടിവ് കേസുകളാണ് ഉള്ളത്. ഇതില്‍ 350 പേരാണ് ആശുപത്രിയില്‍ ഉള്ളത്. 124 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഏഴു പേര്‍ വെന്റിലേറ്ററില്‍ ആണെന്നും സിസോദിയ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only