14/01/2022

ലൈംഗിക തൊഴിലാളിക്ക് 'നോ' പറയാന്‍ അവകാശമുണ്ട്; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി
(VISION NEWS 14/01/2022)
ന്യൂഡൽഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാൾക്കും ബലാത്സംഗത്തിന് കേസ് നൽകാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകൾക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ലൈംഗിക തൊഴിലാളികൾക്ക് പോലും തന്റെ ഉപഭോക്താവിനോട് 'വേണ്ട' എന്നുപറയാനുള്ള അവകാശമുണ്ട്. അങ്ങനെയുള്ളപ്പോൾ, ലൈംഗികബന്ധത്തിന് സമ്മതല്ലമെന്ന് ഭർത്താവിനോട് പറയാൻ ഭാര്യക്കുളള അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് രാജീവ് ശക്ധർ ചോദിച്ചു.

ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ ലൈംഗിക തൊഴിലാളികൾക്കുപോലും തന്നെ നിർബന്ധിക്കുന്ന പുരുഷനെതിരേ ബലാത്സംഗത്തിന് കേസുകൊടുക്കാൻ അവകാശമുണ്ടെന്ന് അമികസ്ക്യൂരിയായ മുതിർന്ന അഭിഭാഷകൻ രാജ്ശേഖർ റാവു ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശക്ധറിന്റെ പ്രതികരണം.

എന്നാൽ, ഈ രണ്ടുബന്ധങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ശക്ധറിന്റെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സി. ഹരിശങ്കർ അഭിപ്രായപ്പെട്ടു. ഒരു ഉപഭോക്താവും ലൈംഗികത്തൊഴിലാളിയും തമ്മിലുള്ള ബന്ധമല്ല വിവാഹബന്ധത്തിലേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാര്യ ഏറെ അനുഭവിച്ചിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ, പത്തുവർഷത്തെ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന പുരുഷൻ കടന്നുപോകേണ്ടിവരുന്ന അനുഭവങ്ങളെ കുറിച്ചുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. എന്നാൽ ബലാത്സംഗക്കേസിൽ പ്രതിയെ ശിക്ഷിക്കരുതെന്നല്ല താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബലാത്സംഗം എന്നാൽ ബലാത്സംഗം എന്നുതന്നെയാണ് അർഥമെന്ന് രാജ്ശേഖർ റാവു വാദിച്ചു. സ്ത്രീകളുടെ ഏറ്റവും വിലപ്പെട്ട അവകാശങ്ങളെ ലംഘിക്കുന്നതാണ് ബലാത്സംഗമെന്നും സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതികൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only