07/01/2022

നീറ്റ് പി.ജി പ്രവേശനം: കൗണ്‍സിലിങ്ങിന് സുപ്രീം കോടതിയുടെ അനുമതി
(VISION NEWS 07/01/2022)
ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശനത്തിലെ കൗൺസിലിങ്ങിന് സുപ്രീം കോടതി അനുമതി. ഒ.ബി.സി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഈ വർഷം കൗൺസിലിങ് നടത്താം. ഒ.ബി.സി വിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണം ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് എതിരായ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള 27 ശതമാനവും മുന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ശതമാനവും സാമ്പത്തിക സംവരണവും നൽകി ഈ വർഷം നീറ്റ് പി.ജി കൗൺസലിങ് നടത്താനാണ് സുപ്രീം കോടതി അനുമതി നൽകിയത്. കൗൺസലിങ് തടസ്സമില്ലാതെ നടക്കുന്നതിനാണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡം സംബന്ധിച്ച് പാണ്ഡെ സമിതി നൽകിയ ശുപാർശ അംഗീകരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ സാമ്പത്തിക സംവരണത്തിനുള്ള ഉയർന്ന സാമ്പത്തിക പരിധി ഈ വർഷവും എട്ട് ലക്ഷം ആയി തുടരും.

പാണ്ഡെ സമിതി ശുപാർശകൾക്ക് എതിരായ വാദം വിശദമായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിൽ സംവരണം പാടില്ലെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. 2006 മുതൽ നിലനിൽക്കുന്ന ഒ.ബി.സി സംവരണം ഭരണഘടനപരമായി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് എതിരായ ഹർജികളിൽ മാർച്ച് മൂന്നാം വാരം വിശദമായി വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ കൗൺസിലിംഗ് നടപടികൾ ഉടൻ പുനനരാരംഭിക്കാൻ സർക്കാരിനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only