12/01/2022

സ്‌ത്രീയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍
(VISION NEWS 12/01/2022)
പാലക്കാട്‌: പെരുവെമ്പ്‌ മന്ദത്തുകാവ്‌ റോഡില്‍ ചോറക്കോടിനു സമീപം സ്‌ത്രീയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌്റ്റില്‍. പല്ലശന അണ്ണാക്കോട്‌ സ്വദേശി അയ്യപ്പന്‍ എന്ന ബഷീര്‍ (46) ആണ്‌ പിടിയിലായത്‌. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നാണ്‌ പിടികൂടിയതെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ആര്‍. വിശ്വനാഥ്‌ പറഞ്ഞു.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ്‌ കൊലചെയ്‌തതെന്നാണ്‌ പ്രതി മൊഴി നല്‍കിയിട്ടുള്ളത്‌. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 6.30നാണ്‌ മുതലമട ചെമ്മണാംപതി വടക്കേ കോളനിയില്‍ ജാന്‍ബീവിയെ (40) ചോറക്കോടിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

കൊലപാതകത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തി സംഭവ സ്‌ഥലത്ത്‌ നിന്ന്‌ കണ്ടെത്തിയിരുന്നു. കൃത്യത്തിന്‌ മുമ്പ്‌ കഴിച്ച മദ്യകുപ്പിയും കണ്ടെത്തി. സംഭവ ശേഷം തമിഴ്‌നാട്ടിലേക്ക്‌ കടന്ന പ്രതിയ്‌ക്കായി രണ്ട്‌ ദിവസമായി വ്യാപക തിരച്ചിലാണ്‌ പോലീസ്‌ നടത്തിയത്‌.

ജാന്‍ബിവിയും ഭര്‍ത്താവും പുതുനഗരത്തും സമീപ പ്രദേശങ്ങളിലും തോട്ടം വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരായിരുന്നു. നാടോടികളെ പോലെ അലഞ്ഞ്‌ നടക്കുന്ന ഇവര്‍ക്ക്‌ സ്‌ഥിരമായ താമസസ്‌ഥലമില്ല. ജോലി ചെയ്യുന്ന സ്‌ഥലത്തിന്‌ സമീപത്ത്‌ റോഡരികില്‍ താമസിക്കുന്നതാണ്‌ ഇവരുടെ രീതി. കൊലപാതകത്തിന്‌ തലേ ദിവസം തന്നെ ഇവര്‍ റോഡില്‍ വച്ച്‌ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ജാന്‍ബീവിയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ ബഷീര്‍ പലതവണ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്‌. മദ്യത്തിന്റെ ലഹരിയില്‍ ഈ തര്‍ക്കം കൊലപാതകത്തിലേക്ക്‌ എത്തിയെന്നാണ്‌ പ്രതിയുടെ മൊഴി. പുതുനഗരം ഇന്‍സ്‌പെക്‌ടര്‍ ആദംഖാനാണ്‌ കേസ്‌ അന്വേഷിച്ചത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only