13/01/2022

മുഖസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ഒരു പഴം
(VISION NEWS 13/01/2022)
വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒന്നിലധികം രീതികളില്‍ വാഴപ്പഴം ആന്റിഏജിംഗ് മാസ് കായി ഉപയോഗിക്കാവുന്നതാണ്. 

വാഴപ്പഴവും വെണ്ണപ്പഴവും അടിച്ചു ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നതാണ് ഏറ്റവും ലളിതമായ രീതി. ഈ പായ്ക്ക് മുഖത്തു പുരട്ടി 25 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. വാഴപ്പഴം ഉടച്ച ശേഷം അതില്‍ ഏതാനും തുള്ളി റോസ് വാട്ടര്‍ ചേര്‍ത്തു കുഴച്ചും ഫെയ്സ് മാസ്‌ക് ഉണ്ടാക്കാവുന്നതാണ്. ഇത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

ധാരാളം പൊട്ടാസ്യവും വെള്ളവും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുലവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താന്‍ വാഴപ്പഴം സഹായിക്കും. വാഴപ്പഴം ഉടച്ച് ഫെയ്സ് മാസ്‌കായി ഉപയോഗിക്കുന്നതാണ് ഇതിനുള്ള എളുപ്പവഴി. ഇത് 20-25 മിനിറ്റുകള്‍ക്ക് ശേഷമേ കഴുകി കളയാവൂ. നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമാണ് ഉള്ളതെങ്കില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. തിളക്കം വര്‍ദ്ധിപ്പിക്കണമെങ്കില്‍, വാഴപ്പഴത്തിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ വൈറ്റമിന്‍ ഇ യും (വൈറ്റമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ച് ചേര്‍ക്കുക) ചേര്‍ക്കുക.

വാഴപ്പഴത്തിന്റെ തൊലിക്ക് പോലും ചര്‍മ്മ സംരക്ഷണത്തിനുള്ള കഴിവുണ്ട്. പഴത്തിന്റെ തൊലിയുടെ ഉള്‍വശം മുഖക്കുരു ബാധിച്ച സ്ഥലത്ത് ഉരസുക. ഇത് ആ ഭാഗത്തെ കോശജ്വലനം കുറയ്ക്കാന്‍ സഹായിക്കും. വാഴപ്പഴം, മഞ്ഞള്‍, തേന്‍ എന്നിവ ചേര്‍ത്ത് ഫെയ്സ് മാസ്‌കും ഉണ്ടാക്കാം. ഇത് മുഖക്കുരുവിനെതിരെ പ്രവര്‍ത്തിക്കുമെന്നു മാത്രമല്ല, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. പഴത്തൊലി മുഖത്ത് ഉരസുന്നതോ പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതോ ഏജ് സ്പോട്ടുകളെയും കറുത്ത പാടുകളെയും മുഖക്കുരുവിന്റെ പാടുകളെയും മറയ്ക്കാന്‍ സഹായിക്കും. ഉടന്‍ ഫലം ലഭിക്കുന്നതിനായി ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കില്‍ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only