06/01/2022

പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ വനിതാ ജഡ്ജി ജയിലിലെത്തി ചുംബിച്ചത് വിവാദത്തില്‍
(VISION NEWS 06/01/2022)
തെളിവുകൾ പരിശോധിച്ച് കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വിധിക്കുന്ന ആളാണ് ജഡ്ജി. ജഡ്ജിമാരും കുറ്റവാളികളും കണ്ടുമുട്ടുന്നത് കോടതിമുറിയിലാണ്. എന്നാൽ ഇവിടെ ഒരു വനിതാ ജഡ‍്ജി ജയിലിലെത്തി കൊടുംകുറ്റവാളിയെ ചുംബിച്ചത് വിവാദമായി.

അർജന്റീനയിലാണ് സംഭവം. ജഡ്ജി ജയിലിൽ പോയത് അപകടകാരിയായ ഒരു തടവുകാരന്റെ അടുത്തേക്കാണ്. സിസി ക്യാമറയിൽ പതിഞ്ഞ വീഡിയോ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വൈറലായിരിക്കുകയാണ്. ഈ വനിതാ ജഡ്ജിക്കെതിരെയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്.

തെക്കൻ ചുബുട്ട് പ്രവിശ്യയിലെ ജഡ്ജിയായ മരിയേൽ സുവാരസ് ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് ട്രെലെവ് നഗരത്തിനടുത്തുള്ള ജയിലിലെത്തി ക്രിസ്റ്റ്യൻ 'മായി' ബസ്റ്റോസിനെ ചുംബിക്കുകയായിരുന്നു. ലിപ് ലോക്ക് ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ക്രിസ്റ്റ്യൻ മായി ബസ്റ്റോസ്. കേസിൽ പ്രതിക്ക് ജീവപര്യന്തം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജഡ്ജിമാരുടെ പാനലിൽ വനിതാ ജഡ്ജിയായ മരിയേലുമുണ്ടായിരുന്നു. 2009ലാണ് കൊലപാതകം നടന്നത്.
ജഡ്ജിമാരുടെ പാനലിൽ മരിയേൽ മാത്രമാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ നൽകുന്നതിനെ എതിർത്തത്. 

ഏറ്റവും അപകടകാരിയായ കുറ്റവാളിയെന്ന് മറ്റു ജഡ്ജിമാർ വിധിയെഴുതിയിട്ടും മാരിയേലിന്റെ നടപടി ചർച്ചയായിരുന്നു. ഇതു കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് വനിതാ ജ‍ഡ്ജിയുടെ ജയിൽ‌ സന്ദർശനവും ചുംബനവും.
വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മരിയേൽ സുവാരസിനെതിരെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. 

അനുയോജ്യമായ പെരുമാറ്റമല്ല ജഡ്ജിയിൽ നിന്നുണ്ടായതെന്നാണ് ചിബൂട്ട് കോടതി നിരീക്ഷിച്ചത്. ജഡ്ജി ജയിലിലെത്തി കൊലക്കേസ് പ്രതിയെ കാണാനിടയായ സാഹചര്യം എന്താണെന്നാണ് പരിശോധിക്കുന്നത്. എത്ര നേരം കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നും അന്വേഷിക്കുന്നുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only