04/01/2022

യുവാവ് തൂങ്ങി മരിച്ചതിനു ശേഷം കാണാതായ കാമുകിയെ കണ്ടെത്തി
(VISION NEWS 04/01/2022)
പ്രണയതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ച സംഭവത്തിനു ശേഷം കാണാതായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്ന് രാവിലെ സംഭവസ്ഥലത്തിന് അടുത്തുള്ള വയലില്‍ തളര്‍ന്നു കിടന്ന നിലയിലായിരുന്നു പെണ്‍കുട്ടി. നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇന്നലെയാണ് പ്രണയതര്‍ക്കത്തെ തുടര്‍ന്ന് ഗോപി വിജയ് എന്ന് യുവാവ് തൂങ്ങിമരിച്ചത്. കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാട് കയറിക്കിടന്ന സ്ഥലത്തായിരുന്നു സംഭവം. ഇന്നലെ രാവിലെ ടൂറിസം വകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തിലേക്ക് ഗോപിയും പെണ്‍കുട്ടിയും പോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. പിന്നീട് ഇതു വഴി പോയ നാട്ടുകാരാണ് ഗോപിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പും പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും മാസ്‌കും ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. രാത്രി വൈകി അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങാനിരിക്കെയാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഗോപിയും പെണ്‍കുട്ടിയും കമിതാക്കള്‍ ആയിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്ത് ആയിരിക്കാം യുവാവ് സ്ഥലത്ത് എത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only