12/01/2022

കല്യാണശേഷം ദമ്പതിമാര്‍ വീട്ടിലേക്ക് കുതിച്ചത് ആംബുലന്‍സില്‍;വണ്ടി കസ്റ്റഡിയിൽ
(VISION NEWS 12/01/2022)
ആലപ്പുഴ: കായംകുളം കറ്റാനത്ത് വിവാഹശേഷം വധുവരന്മാർ വീട്ടിലേക്കെത്തിയത് ആംബുലൻസിൽ. സാമൂഹികമാധ്യമത്തിൽ വീഡിയോ വൈറലായതോടെ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർകൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്. വാഹനം അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോയെടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

അത്യാഹിതങ്ങൾക്കുപയോഗിക്കുന്ന ആംബുലൻസ് ദുരുപയോഗം ചെയ്തതിനാണ് വണ്ടി കസ്റ്റഡിയിലെടുത്തത്.

ദമ്പതിമാരുടെ വീഡിയോ വൈറലായതോടെ ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനൊപ്പം മോട്ടോർവാഹനവകുപ്പ് കമ്മിഷണറും നടപടിയെടുക്കാൻ ആർ.ടി.ഒ.ക്ക് നിർദേശംനൽകിയിരുന്നു. വാഹനമോടിച്ച ഡ്രൈവർക്കും ഉടമയ്ക്കും നോട്ടീസ് നൽകുമെന്ന് ആലപ്പുഴ ആർ.ടി.ഒ. സജി പ്രസാദ് പറഞ്ഞു.

വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ജോയിന്റ് ആർ.ടി.ഒ. ഡാനിയൽ സ്റ്റീഫൻ, എം.വി.ഐ. മാരായ എസ്. സുബി, സി.ബി. അജിത്ത് കുമാർ തുടങ്ങിയവരുടെ സംഘമാണ് ആംബുലൻസ് പിടിച്ചെടുത്തത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only