10/01/2022

വിരുന്നെന്ന് പറഞ്ഞ് വീടുകളില്‍ ഒത്തുചേരും, പങ്കാളികളെ കൈമാറി ലൈംഗികബന്ധം; ഗ്രൂപ്പുകളില്‍ അശ്ലീലവും
(VISION NEWS 10/01/2022)
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലുള്ളവർ ഒത്തുചേർന്നിരുന്നത് വീടുകളിൽ വിരുന്നിനെന്ന പേരിലെന്ന് പോലീസ്. സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെ പരസ്പരം പരിചയപ്പെടുന്നവരാണ് വീടുകളിൽ വിരുന്നിനെന്ന പേരിൽ ഒത്തുകൂടിയിരുന്നത്. പിന്നീട് ഇവർ പരസ്പരം പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു.

കുടുംബ കൂട്ടായ്മകളെന്ന പേരിൽ ഇവർ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഒത്തുകൂടലുകൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളെ ഉൾപ്പെടെ കൂടെക്കൂട്ടുന്നതിനാൽ മറ്റുള്ളവർക്ക് സംശയം ഉണ്ടായിരുന്നില്ല. കോട്ടയത്തെ പരാതിക്കാരിയെ ഇത്തരത്തിൽ ഒമ്പത് പേർ ഇതുവരെ പീഡിപ്പിച്ചതായാണ് വിവരം. ഇതിൽ ആറുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികൾ ഒളിവിലാണ്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരികെയെത്തിച്ച് കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.

കോട്ടയത്തെ കേസിൽ പ്രതികൾക്കെതിരേ കൂട്ടബലാത്സംഗ കുറ്റം ഉൾപ്പെടെ ചുമത്തുമെന്നാണ് വിവരം. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇതിനായി ഭർത്താവ് ആത്മഹത്യ ഭീഷണി മുഴക്കിയതായും യുവതി വെളിപ്പെടുത്തിയിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് ഭർത്താവ് പണം വാങ്ങിയതായും യുവതി ആരോപിച്ചിട്ടുണ്ട്.

അതിനിടെ, പങ്കാളികളെ കൈമാറുന്ന സംഘത്തിൽ സമൂഹത്തിലെ ഉന്നതരടക്കം പലരും ഉൾപ്പെട്ടതായാണ് പോലീസ് കേന്ദ്രങ്ങളിൽനിന്നുള്ള സൂചന. കുക്ക് ഓൾഡ് കേരള, കുക്ക് ഓൾഡ് കമ്പനി, മീറ്റ് അപ്പ് കേരള, കപ്പിൾ മീറ്റ് അപ്പ് കേരള തുടങ്ങിയ പേരുകളിലാണ് ഇത്തരം സംഘങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചിരുന്നത്. അയ്യായിരത്തിലേറെ പേർ ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നാണ് പോലീസ് നൽകുന്നവിവരം. ഇതിൽ പല ഗ്രൂപ്പുകളും ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.

വൈഫ് സ്വാപ്പിങ് അഥവാ ഭാര്യമാരെ കൈമാറൽ...

ഭാര്യമാരെ പരസ്പരം കൈമാറുന്ന 'വൈഫ് സ്വാപ്പിങ്' നേരത്തെയും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം കണ്ടുവരുന്ന ഇത്തരം രീതികൾ കേരളത്തിലും നടക്കുന്നുണ്ടെന്ന കാര്യം അന്ന് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. 2013-ൽ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനെതിരേ അദ്ദേഹത്തിന്റെ ഭാര്യയാണ് പങ്കാളികളെ കൈമാറുന്ന 'വൈഫ് സ്വാപ്പിങ്' നാവികസേന ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്നുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. അതിഗുരുതരമായ ആരോപണങ്ങളാണ് യുവതി പരാതിയിൽ ഉന്നയിച്ചിരുന്നത്. ഭർത്താവിന്റെ സമ്മതത്തോടെ തന്നെ മറ്റു ഉദ്യോഗസ്ഥർ കൂട്ടബലാത്സംഗം ചെയ്തതായും തന്റെ ഭർത്താവ് മറ്റൊരു കമാൻഡന്റിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് താൻ സാക്ഷിയായെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരം പാർട്ടികളിൽ പങ്കെടുക്കാൻ വിസമ്മതിച്ചപ്പോൾ തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു.

കീ ചെയിൻ തിരഞ്ഞെടുക്കും, ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ...

രഹസ്യമായി ഇന്ത്യയിലെ പലയിടങ്ങളിലും പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുന്ന സംഘങ്ങൾ സജീവമാണെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. മെട്രോ നഗരങ്ങളിൽ ഇതിനുവേണ്ടി മാത്രം ചില ക്ലബ്ബുകൾ പ്രവർത്തിക്കുന്നതായും വിവരങ്ങൾ പുറത്തുവന്നു. ക്ലബ്ബുകളിൽ പാർട്ടിക്ക് വരുന്നവർ കാറിന്റെ കീ ചെയിനുകൾ കൂട്ടിയിട്ട് അതിലൊരു കീ ചെയിൻ തിരഞ്ഞെടുക്കുന്നതായിരുന്നു രീതി.

ഭാര്യയോടൊപ്പം പാർട്ടിക്ക് വരുന്നവർ കാറിന്റെ കീ ചെയിൻ ഒരിടത്ത് വെയ്ക്കും. അങ്ങനെ എല്ലാവരുടെയും കീ ചെയിനുകൾ കൂട്ടിയിട്ട സ്ഥലത്തുനിന്ന് ഓരോരുത്തരും ഒരോ കീ ചെയിൻ തിരഞ്ഞെടുക്കും. ഏത് കീ ചെയിനാണോ ഒരാൾക്ക് ലഭിക്കുന്നത് അതിന്റെ ഉടമയുടെ ഭാര്യ കീ ചെയിൻ എടുത്തയാൾക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടണമെന്നതായിരുന്നു ക്ലബുകളിലെ നിയമം. കാലം മാറിയതോടെ ഇത്തരം കൂടിക്കാഴ്ചകൾ സാമൂഹികമാധ്യമങ്ങളിലേക്ക് മാറി. പങ്കാളികളെ കൈമാറാൻ താത്പര്യമുള്ളവർ ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ നിർമിച്ചായി ഇടപാടുകൾ.

സാമൂഹികമാധ്യമങ്ങളിൽ നിരവധി ഗ്രൂപ്പുകളും പേജുകളും...

പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേർപ്പെടാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് സാമൂഹികമാധ്യമങ്ങളിലുള്ളത്. ഈ ഗ്രൂപ്പുകൾക്കെല്ലാം അഡ്മിൻമാരുണ്ടെങ്കിലും ഇതിലെ അംഗങ്ങൾക്കിടയിൽ നടക്കുന്ന ഇത്തരം ഒത്തുച്ചേരലുകൾക്ക് പിന്നിൽ ഇവർക്ക് പങ്കില്ലെന്നാണ് പോലീസ് കേന്ദ്രങ്ങൾ പറയുന്നത്.

ഫെയ്സ്ബുക്ക്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ പലപേരുകളിൽ ഇത്തരത്തിലുള്ള ഗ്രൂപ്പുകളും പേജുകളും പ്രവർത്തിക്കുന്നുണ്ട്. കുക്ക് ഓൾഡ് കേരള, കുക്ക് ഓൾഡ് കമ്പനി, കുക്ക് ഓൾഡ് ഹബ്ബ്, മല്ലു കുക്ക് ഓൾഡ്,കപ്പിൾ ഷെയറിങ്, കപ്പിൾ മീറ്റിങ് തുടങ്ങിയവയാണ് ഇതിന്റെ പേരുകൾ. ഗ്രൂപ്പുകളിൽ ചേരുന്നവർ ആദ്യം ഭാര്യമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്വയം പരിചയപ്പെടുത്തും. തുടർന്ന് പങ്കാളികളെ കൈമാറാൻ താത്പര്യമുള്ളവരുമായി ആശയവിനിമയം നടത്തി സ്ഥലവും തീയതിയുമെല്ലാം ഉറപ്പിക്കും. പലരും വ്യാജ ഐ.ഡി.കൾ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പുകളിൽ ചേരുന്നത്. അതിനാൽതന്നെ പരിചയപ്പെടുന്നവർക്ക് തമ്മിൽ യഥാർഥ പേരോ മറ്റുവിവരങ്ങളോ അറിഞ്ഞിരിക്കണമെന്നില്ല. അശ്ലീലവും അസഭ്യവും നിറഞ്ഞ പോസ്റ്റുകളും ചിത്രങ്ങളുമാണ് ഇത്തരം ഗ്രൂപ്പുകളിൽ അധികവും പങ്കുവെച്ചിരുന്നത്. ഭാര്യമാരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അശ്ലീലരീതിയിൽ വിവരിക്കുന്നതും പല ഗ്രൂപ്പുകളിലും നടക്കുന്നു.


ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെൺസുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളിൽ സജീവമാണെന്നാണ് സൂചന. ഇവർക്ക് വേണ്ടിയുള്ള സീക്രട്ട് ഗ്രൂപ്പുകളും സാമൂഹികമാധ്യമങ്ങളിലുണ്ട്. പങ്കാളികളില്ലാത്ത നിരവധിപേരും ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ഇവർക്ക് മറ്റുള്ളവരുടെ പങ്കാളികളുമായി ലൈംഗികബന്ധത്തിലേർപ്പെടണമെങ്കിൽ പണം നൽകണം. സ്റ്റഡ് എന്ന പേരിലാണ് മീറ്റിങ്ങിന് തനിച്ചെത്തുന്ന ഇവരെ വിളിക്കുന്ന പേര്. കോട്ടയത്തെ കേസിൽ യുവതിയെ പീഡിപ്പിച്ച ഒമ്പത് പേരിൽ നാലുപേർ ഇങ്ങനെ തനിച്ചെത്തിയവരായിരുന്നു. ഇവർ 14,000 രൂപ നൽകിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only