12/01/2022

യുവതിയുടെ ഭര്‍ത്താവ് നിരവധി 'കപ്പിള്‍ സ്വാപ്പിങ്' ഗ്രൂപ്പുകളില്‍ അംഗം; അഡ്മിന്മാര്‍ നിരീക്ഷണത്തില്‍
(VISION NEWS 12/01/2022)
കോട്ടയം: പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി സാമൂഹികമാധ്യമങ്ങളിലെ നിരവധി 'കപ്പിൾ സ്വാപ്പിങ്' ഗ്രൂപ്പുകളിൽ അംഗമാണെന്ന് പോലീസ്. പരാതിക്കാരിയുടെ ഭർത്താവാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിൾ സ്വാപ്പിങ് ഗ്രൂപ്പുകളിൽ അംഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്മാരുമെല്ലാം നിലവിൽ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു.

'കോട്ടയം സ്വിങ്ങേഴ്സ്', 'മല്ലു കപ്പിൾ' തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ടെലഗ്രാമിലും വാട്സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകളുണ്ട്. എന്നാൽ കോട്ടയത്ത് പോലീസ് കേസെടുക്കുകയും ആറുപേർ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളിൽനിന്നും അംഗങ്ങൾ കൂട്ടത്തോടെ 'ലെഫ്റ്റ്' ചെയ്യുന്നുമുണ്ട്. അതിനാൽതന്നെ പലവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്.


അതിനിടെ, പങ്കാളികളെ കൈമാറിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭർത്താവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളെ കൊല്ലുമെന്ന് വരെ പറഞ്ഞതായും സഹോദരൻ പറഞ്ഞു.

കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടിയും പണം സമ്പാദിക്കാൻ വേണ്ടിയും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടണമെന്നാണ് പരാതിക്കാരിയോട് ഭർത്താവ് പറഞ്ഞിരുന്നത്. സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും കുടുംബത്തെ കേസിൽ കുടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

പങ്കാളികളെ കൈമാറിയ കേസിൽ നിലവിൽ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ആകെ ഒമ്പത് പേരാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരിയെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only