05/01/2022

ഇലോണ്‍ മസ്‌കിന് തിരിച്ചടി; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു
(VISION NEWS 05/01/2022)
ന്യൂഡൽഹി: സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ടിത സേവനം നൽകുന്നതിന് ലൈസൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്സ്ക്രിപ്ഷനുകൾ നിർത്തിവെക്കാൻ സർക്കാർ നിർദേശിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് സഞ്ജയ് ഭാർഗവയുടെ പിൻമാറ്റം.

ലൈസൻസ് നേടുന്നതിൽ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച് ഇന്ത്യയിൽ നിന്നും ഇതുവരെ സേവനത്തിനായി ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകുമെന്നറിയിച്ച് കമ്പനി കഴിഞ്ഞ ദിവസം ഇമെയിൽ സന്ദേശവും അയച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സ്റ്റാർലിങ്ക് ഇന്ത്യ യുടെ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും കൺട്രി ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിയുകയാണ് എന്ന് ഭാർഗവ ലിങ്ക്ഡ് ഇൻ പോസ്റ്റിൽപറഞ്ഞു. ഡിസംബർ 31 നായിരുന്നു ഓഫീസിൽ തന്റെ അവസാന ദിനമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തതിന് പിന്നാലെ വലിയ പ്രചാരമാണ് സഞ്ജയ് ഭാർഗവയുടെ നേതൃത്വത്തിൽ സ്റ്റാർ ലിങ്ക് ഇന്ത്യയ്ക്ക് നൽകിയിരുന്നത്. ഇതിനിടെ 5000 ൽ ഏറെ പേർ ഇന്ത്യയിൽ നിന്നും സേവനത്തിനായി ബുക്ക് ചെയ്തു.

എന്നാൽ ലൈസൻസ് നേടിയതിന് ശേഷം മാത്രമേ ഇന്ത്യയിൽ നിന്ന് ബുക്കിങ് സ്വീകരിക്കാൻ പാടുള്ളൂ എന്നും. ആരും തന്നെ സ്റ്റാർലിങ്ക് സേവനത്തിനായി ബുക്ക് ചെയ്യരുതെന്നും അറിയിച്ച് ടെലികോം വകുപ്പ് രംഗത്ത് വരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only