04/01/2022

കടന്നല്‍ കുത്തേറ്റാല്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
(VISION NEWS 04/01/2022)
കടന്നലുകളുടെയും തേനിച്ചകളുടെയും കുത്തേറ്റാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

കടന്നലോ തേനിച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഉടന്‍ അവിടെ നിന്ന് മാറി നില്‍ക്കുക. അമിതമായി പരിഭ്രമിക്കുന്നത് ദോഷകരമായി ബാധിക്കും. കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും ഹൃദയത്തിന്റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. തലകറക്കം, ഛര്‍ദി, തലവേദന, ശരീരം തളരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.

ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി.ആര്‍ നല്‍കണം. ചെറിയ ചുമപ്പും നീരും ഉള്ളവര്‍ക്ക് ആ ഭാഗത്ത് ഐസ് വച്ച് കൊടുക്കുന്നത് നീരും വേദനയും കുറയ്ക്കാന്‍ സഹായിക്കും.

കൊമ്പുകള്‍ ആശുപത്രിയില്‍ വച്ചല്ലാതെ എടുത്തുകളയാന്‍ ശ്രമിക്കരുത്. സ്വയം ശ്രമിച്ചാൽ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ ഇരിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല കൊമ്പിനോടൊപ്പമുള്ള വിഷസഞ്ചിയില്‍ മര്‍ദ്ദം ഏറ്റാല്‍ കൂടുതല്‍ വിഷം ശരീരത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.

കൃത്യമായ ചികിത്സ കിട്ടുംവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാന്‍ പാടില്ല. ഗര്‍ഭിണികളില്‍ ഇത്തരം പ്രാണികളുടെ കുത്തേല്‍ക്കുന്നത് അബോര്‍ഷന്‍ ഉണ്ടാവാനും, സമയം തികയാതെയുള്ള പ്രസവത്തിനും, ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കുട്ടി മരണപ്പെടാനും കാരണമാകാം. അതിനാൽ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only