01/01/2022

രാജമൗലി ചിത്രം 'ആര്‍ആര്‍ആറി'ന്‍റെ റിലീസ് മാറ്റി
(VISION NEWS 01/01/2022)
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആറി'ന്‍റെ റിലീസ് മാറ്റി. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്‍റെ റിലീസാണ് അനിശ്ചിതമായി നീട്ടിയിരിക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

"എല്ലാവരുടെയും നന്മയെക്കരുതി ഞങ്ങളുടെ ചിത്രത്തിന്‍റെ റിലീസ് നീട്ടിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിരുപാധികമായ സ്നേഹത്തിന് ആരാധകരോടും മറ്റ് സിനിമാപ്രേമികളോടും ഞങ്ങളുടെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. പല ഇന്ത്യന്‍ സംസ്ഥാനങ്ങളും തിയറ്ററുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് മറ്റൊരു സാധ്യതയില്ല. ആകാംക്ഷ കാത്തുസൂക്ഷിക്കുക എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ. ഇന്ത്യന്‍ സിനിമയുടെ ഈ യശസ്സിനെ ശരിയായ സമയത്ത് ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും", ആര്‍ആര്‍ആര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only