10/01/2022

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം
(VISION NEWS 10/01/2022)
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ശിശു മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന അട്ടപ്പാടിയില്‍,മന്ത്രി കെ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ച അട്ടപ്പാടിക്കായുള്ള കര്‍മ്മ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കവേയാണ് വീണ്ടും ശിശു മരണ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഒരുമാസം മുന്‍പ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു.

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി അതീവ ഗുരുതരമെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടും ഇതിനിടേ പുറത്ത് വന്നിരുന്നു. അട്ടപ്പാടിയിലെ ശിശു മരണത്തെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ അട്ടപ്പാടിയിലെ 58 ശതമാനം ഗര്‍ഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നായിരുന്നു റിപോര്‍ട്ട് സൂചിപ്പിച്ചത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗര്‍ഭിണികളെ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only